വാകേരി മൂടക്കൊല്ലി കൂടല്ലൂർ റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിലെ കുഴികളിൽ ചൂണ്ടയിട്ട് പ്രതീകാത്മക സമരം നടത്തി. റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പൂതാടി പഞ്ചായത്തിലെ വാകേരി താഴത്തങ്ങാടി യിൽ നിന്ന് മൂടക്കൊല്ലി കൂടലൂരിലേക്ക് പോകുന്ന റോഡാണിന്. ടാറിങ്ങ് കാണാത്ത വിധം റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. റോഡിലെ കുഴികളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടിൽ വീണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണിത്. പ്രദേശവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള റോഡാണ് പൂർണമായും തകർന്നിരിക്കുന്നത്. റോസ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൻ പ്രതിഷേധിച്ചാണ് കുഴികളിൽ ചൂണ്ടയിട്ട് പ്രതിഷേധ സമരം നടത്തിയത്.
റോഡ് തകർന്നതോടെ പ്രദേശത്തേക്കുള്ള ഏക കെ എസ് ആർ ടി സി സർവീസ് നിലയ്ക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കടുവ ആക്രമണത്തിൽ പ്രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ട സമയത്ത് സ്ഥലത്തെത്തിയ വിവിധ രാഷ്ട്രീയ കക്ഷികളുടെ ദേശീയ സംസ്ഥാന നേതാക്കൻമാർ റോഡ് നന്നാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ക്വാറി വേസ്റ്റ് ഇട്ട് താത്കാലിക പരിഹാരമെങ്കിലും ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്