49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂര്‍ അയനിക്കല്‍ ശ്രീസരോജം വീട്ടില്‍ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനക്കിടെയാണ് ഇയാള്‍ വലയിലായത്. 21 U 7003 നമ്പർ മോട്ടോര്‍ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്. ഇതിന് വിപണിയില്‍ 15 ലക്ഷത്തോളം വില വരും. ഇയാള്‍ ഗുണ്ടല്‍പെട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വാഹനമോടിച്ചു വരികയായിരുന്നു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.