തെളിവുകള്‍ പരിശോധിച്ചില്ലെന്ന് റേഞ്ച് ഓഫീസര്‍

0

സുഗന്ധഗിരി മരംമുറിയില്‍ അന്വേഷണം നടത്തിയ വനംവകുപ്പ് സംഘത്തിനെതിരെ ആരോപണവുമായി സസ്‌പെന്‍ഷനിലായ റേഞ്ച് ഓഫീസര്‍ കെ.നീതു. സംഘം മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നും തെളിവുകള്‍ പരിശോധിക്കാതെ തനിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയെന്നും വനം മേധാവിക്ക് നല്‍കിയ കത്തില്‍ റേഞ്ചര്‍ കെ.നീതു ആരോപിച്ചു.

ശാരീരികവും മാനസികവുമായി സമ്മര്‍ദത്തില്‍ ആക്കിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ രേഖപ്പെടുത്തിയ മൊഴി വസ്തുനിഷ്ടം അല്ലെന്ന് സംഘത്തെ പലതവണ ബോധ്യപ്പെടുത്തി. ഡ്യൂട്ടി രജിസ്റ്ററുകളും മറ്റ് രേഖകളും പരിശോധിച്ചാല്‍ തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മനസിലാകും. സുഗന്ധഗിരി മരംമുറിയില്‍ സസ്‌പെന്‍ഷനിലായ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ.നീതു വനം മേധാവിക്ക് നല്‍കിയ കത്തിലെ ഭാഗമാണിത്. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മരം മുറി നടക്കുന്ന സമയം ആവശ്യമായ ഫീല്‍ഡ് പരിശോധന ഉണ്ടായിരുന്നില്ലെന്നും തടികള്‍ പരിശോധിക്കാതെയാണ് പാസ് നല്‍കിയതെന്നുമാണ് റേഞ്ചര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.

തടികള്‍ നേരിട്ട് പരിശോധിച്ചാണ് പാസ് നല്‍കിയതെന്നും, ഇത് സംബന്ധിച്ച വിവരങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലോഗ് ബുക്കില്‍ ഉള്‍പ്പെടെ ലഭ്യമാണെന്നും നീതു വാദിക്കുന്നു. അനധികൃത മരം മുറിയില്‍ കുറ്റക്കാരെ കണ്ടെത്തിയതും മരത്തടികളും തൊണ്ടിമുതലുകളും പിടികൂടി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും താന്‍ ഉള്‍പ്പെടെയുള്ള സംഘമാണ്. മരംമുറി നടക്കുന്ന കാലയളവില്‍ ആളെക്കൊല്ലി കാട്ടാനകളെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുകയായിരുന്നു എന്നും വനം മേധാവിക്ക് നല്‍കിയ കത്തില്‍ റെയ്ഞ്ചര്‍ ചൂണ്ടിക്കാട്ടുന്നത്. മരംമുറിയില്‍ ഗുരുതര മേല്‍നോട്ട പിഴവ് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി സൗത്ത് വയനാട് ഡി.എഫ്.ഒയെ സ്ഥലം മാറ്റിയ നടപടി സേനയ്ക്കുള്ളില്‍ അമര്‍ഷം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി റേഞ്ചറും രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!