സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജിലും പ്രവര്‍ത്തനം ആരംഭിക്കുന്നു.15 ന് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആശുപത്രികളില്‍ ചികില്‍ത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ സേവനം നല്‍കുന്നതോടൊപ്പം താമസ സൗകര്യം, രക്തദാനം, ഭക്ഷണ വിതരണം, വോളന്റിയര്‍ സേവനം, ഇന്‍ഫര്‍മേഷന്‍, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ നടത്തുക.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ആര്‍സിസി ഉള്‍പ്പടെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയായ വയനാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുന്നത് വയനാട് മെഡിക്കല്‍ കോളേജിലാണ്. ഇവിടെയെത്തുന്ന രോഗികള്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരായിരിക്കുമെന്നത് കൊണ്ട് തന്നെ സന്നദ്ധ സേവനത്തിന്റെ ആവശ്യവും വളരെ വലുതാണ്.ഈ സാഹചര്യത്തിലാണ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നവംബര്‍ 15ന് വൈകുന്നേരം 4ന് മാനന്തവാടി മെഡിക്കല്‍ കോളജ് റോഡില്‍ വില്ലേജ് ഓഫിസ് പരിസരത്ത് മര്‍ഹൂം കൈപ്പാണി ഇബ്രാഹീം നഗറില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ എംഎല്‍എമാരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വയനാട് മെഡിക്കല്‍ കോളജ് പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രസിഡന്റ് സൈദ് ഹമീദ്, വൈസ് പ്രസിഡന്റുമാരായ ഉസ്മാന്‍ കെ, മുഹമ്മദ് എ, സെക്രട്ടറി സമദ് പിലാക്കാവ്, കമ്മിറ്റി അംഗങ്ങളായ മുംതാസ് ടീച്ചര്‍, സി നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.