സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ്  മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്  രാജ്യത്താദ്യമായി പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചത് കേരളമാണ്. സംസ്ഥാനത്തെ 830 പഞ്ചായത്ത്തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളാണ് രൂപീകരിച്ചത്.  കായിക മേഖലയുടെ കുതിപ്പിനായി സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനകം 24 സിന്തറ്റിക് ട്രാക്കുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. നാല് സിന്തറ്റിക്ക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 32 മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയാക്കി. ആറ് മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനത്തിന് തയ്യാറാവുകയാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാരെ കായിക മേഖലയിലേക്ക് ഉയര്‍ത്തുന്നതിന് ഒറ്റപ്പാലത്ത് സ്റ്റേഡിയം പൂര്‍ത്തിയാവുകയാണ്. കായിക രംഗത്ത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി, ഉപരിപഠന പ്രവേശനം എന്നിവ വകുപ്പ് സാധ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ കളിക്കളം ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക്  50000 രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.


ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ 42 കോടി വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ  ഇന്റോര്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാനും 2030- ല്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിമില്‍ മത്സരാര്‍ത്ഥികളെ പങ്കെടുക്കുന്നതിന് വിദഗ്ധ പരിശീലനം ജില്ലയില്‍ നിന്നും നല്‍കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച കായിക താരങ്ങളും അനുകൂല കാലാവസ്ഥയും ഉള്ള ജില്ലയാണ് വയനാട്. ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗത്വം നേടിയ മിന്നുമണി, സജന സജീവന്‍ എന്നിവര്‍ ജില്ലയ്ക്ക് അഭിമാനമാണെന്നും ജില്ലയില്‍ നിന്നും മധ്യനിര താരങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ക്ക് കായിക വകുപ്പ് അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റ് മന്ത്രി പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് കൈമാറി. ഓംകാരനാഥന്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ട് നീന്തല്‍കുളങ്ങള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 5000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറി, ടിക്കറ്റ് കൗണ്ടര്‍, ഗസ്റ്റ് റൂം, മെഡിക്കല്‍ റൂം, കായിക താരങ്ങള്‍ക്കുള്ള മുറി, വി.ഐ.പി ലോഞ്ച്,  ഇലക്ട്രിക്കല്‍ റൂഫ്,  ഫയര്‍ കണ്‍ട്രോള്‍ റൂം, അഡ്മിന്‍ ബ്ലോക്ക് എന്നിവയാണ് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ പൂര്‍ത്തീകരിച്ചത്.  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ടി. സിദ്ദിഖ് അധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം മധു, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.കെ കുഞ്ഞമ്മദ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.