ഇന്ന് ലോക ചോക്ലേറ്റ് ദിനം; അറിയാം ചോക്ലേറ്റ് കഴിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

0

ഇന്ന് ജൂലൈ 7- ലോക ചോക്ലേറ്റ് ദിനം. ചോക്ലേറ്റ് ഇഷ്‌ടമല്ലാത്തവർ ചുരുക്കമായിരിക്കും. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. 1500കളിൽ യൂറോപ്പിലാണ് ആദ്യമായി ചോക്ലേറ്റ് ലഭ്യമായത്. രുചി കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ചോക്ലേറ്റ് പിന്നീട് എല്ലായിടത്തും പ്രിയം നേടുകയായിരുന്നു.

ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വരെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അറിയാം ചോക്ലേറ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്…

ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ ഗവേഷകരുടെ പഠനം പറയുന്നത്. ഡാര്‍ക്ക്‌ ചോക്‌ലേറ്റ് കഴിക്കുന്നതാണ് രക്തസമ്മര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇവ ഹൃദയത്തിനെ ആരോഗ്യമുള്ളതാക്കുമെന്നും പഠനം തെളിയിക്കുന്നു.

രണ്ട്…

ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.

മൂന്ന്…

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

നാല്…

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അഞ്ച്…

ഓർമശക്തിക്കും ബുദ്ധി വികാസത്തിനും ചോക്ലേറ്റ് കഴിക്കുന്നത് ഏറേ നല്ലതാണ്.
തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ചോക്ലേറ്റ് കഴിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ആറ്…

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!