59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടിക്ക്‌ടോക്ക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള ആപ്പുകള്‍ക്കാണ് സ്ഥിരം നിരോധനം. ഷോപ്പിംഗ് ആപ്പായ ക്ലബ് ഫാക്ടറി, എംഐ വിഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവയുടെയും വിലക്ക് സ്ഥിരമാക്കി. നേരത്തെ എര്‍പ്പെടുത്തിയ താത്കാലിക വിലക്കാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്. താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ മറ്റ് ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് വരും .
കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാന വാരമാണ് ഇന്ത്യ ടിക്ക്‌ടോക്ക്, യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകള്‍ നിരോധിച്ചത്.
ടിക്ക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈല്‍, കംപ്യൂട്ടര്‍ അടക്കമുള്ള വേര്‍ഷനുകള്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയില്‍ ഏകദേശം 119 മില്ല്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്ടോക്ക്.