നാളെ മുതൽ സ്വകാര്യബസ്സുകൾ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല പണിമുടക്കും. ദീർഘദൂര ബസ്സുൾക്ക് പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻനിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക, ബസ് ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനശ്ചതികാലം പണിമുടക്കുന്നത്.
വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കലോചിതമായി പരിഷ്‌ക്കരിക്കണമെന്നത് പ്രധാന ആവശ്യമായി ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ മുതൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നത്. ലിമിറ്റഡ് സ്‌റ്റോപ്പ്- ദീർഘദൂര ബസ്സുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, ബസ് തൊഴിലാളികൾക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തടുങ്ങിയ ആവശ്യങ്ങളും ഉടമകൾ ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം എട്ടിന് സൂചന പണിമുടക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. തുടർന്ന് ഗതാഗതവകുപ്പ് മന്ത്രിയുമായി ചർച്ച നടന്നെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഉടമകൾ വ്യക്തമാക്കി. സ്വകാര്യബസ്സുകൾ അനിശ്ചിത കാല പണിമുടക്കിലേക്ക് കടക്കുന്നതോടെ വയനാട് ജില്ലയെ ഇത് സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല.