മാനസിക അസ്വാസ്ഥ്യവും, വൈഷ്യമ്യങ്ങളും അനുഭവിക്കുന്നവരെ പുനരധിവസിപ്പിച്ച അഗതിമന്ദിരത്തിൽ സഹായമെത്തിച്ച് സഹപാഠികളുടെ വേറിട്ട ഒത്തുചേരൽ. മേപ്പാടി ഗവ.ഹൈസ്കൂളിൽ 1986-87 ബാച്ചിലെ സഹപാഠികളുടെ കൂട്ടായ്മയായ ‘ഓർമ്മച്ചെപ്പി‘ന്റെ ആഭിമുഖ്യത്തിലാണ് “വിജയ മംഗളം” എന്ന പേരിൽ വാഴവറ്റ ജ്യോതി നിവാസ് അഗതിമന്ദിരത്തിൽ ഒത്തുചേരൽ സംഘടിപ്പിച്ചത്. പരിപാടി ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മൊമന്റോ നൽകി എംഎൽഎ അഭിനന്ദിച്ചു.
മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ നേടിയ പോലീസ് ഓഫീസർ ജബലുറഹ്മാനെയും, ജ്യോതി നിവാസ് ഡയറക്ടർ ജോണിയെയും , കലാകാരനും, എഴുത്തുകാരനുമായ റഷീദ് മാസ്റ്ററേയും യോഗത്തിൽ ആദരിച്ചു.
ഓർമ്മച്ചെപ്പ് കൂട്ടായ്മയുടെ പ്രസിഡണ്ട് ബെന്നി വി.എസ് അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുമ, പി.ജി.സജീവ് എന്നിവരും ഭാരവാഹികളായ ടി.കെ നാസർ , പ്രസാദ് കെ.കെ, സാഹിറാബാനു, പുഷ്പ , വി.റഷീദ്, വിജയ, കെ.അഷ്റഫ്, എ.എം.നാസർ എന്നിവരും, ജ്യോതി നിവാസിനെ പ്രതിനിധീകരിച്ച് ജോണി പള്ളിത്താഴത്ത്, അഡ്വ. മരിയാ ലൂയിസ്, നിഖിൽ എന്നിവരും സംസാരിച്ചു.
ഷാജി ഈങ്ങാപ്പുഴ, മുസ്തഫ മഞ്ചേരി, ഡോറിൻ .ഡി.അൽമേഡ, ആന്റണി, സുരേന്ദ്രൻ, ലില്ലി, പ്രസന്ന, ഉഷ ,സക്കീന, നിവേദിത തുടങ്ങിയവർ നേതൃത്വം നൽകി.
ജ്യോതി നിവാസ് നിവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചും സമ്മാനങ്ങൾ നൽകിയും കലാപരിപാടികൾ നടത്തിയും രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെ ചിലവഴിച്ചാണ് സഹപാഠി സുഹൃത്തുക്കൾ മടങ്ങിയത്.