സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരം; ബത്തേരി താലൂക്ക് ആശുപത്രിക്കും മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനും അംഗീകാരം

2024-25 വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.

താലൂക്ക് ആശുപത്രി തലത്തില്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സുല്‍ത്താന്‍ ബത്തേരി രണ്ടാം സ്ഥാനം പങ്കിട്ടു. കൊല്ലം പുനലൂർ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുമായാണ് രണ്ടാം സ്ഥാനം പങ്കിട്ടത്. ബത്തേരി ആശുപത്രിക്കും പുനലൂർ ആശുപത്രിക്കും 5 ലക്ഷം രൂപ വീതം ലഭിക്കും. ഈ വിഭാഗത്തിൽ കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി 92 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ കായകല്‍പ്പ് അവാര്‍ഡ് കരസ്ഥമാക്കി.ഇതിന് പുറമെ, മികച്ച സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 21 ആശുപത്രികളിൽ വയനാട് മീനങ്ങാടിയിലെ സാമൂഹികാരോഗ്യകേന്ദ്രവും ഉൾപ്പെടുന്നു. 80 ശതമാനം മാർക്ക് നേടിയ മീനങ്ങാടി സിഎച്ച്സി ഒരു ലക്ഷം രൂപയുടെ കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹമായി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കോഴിക്കോട്ടെ തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം 88 ശതമാനം മാര്‍ക്കോടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. 3 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ/ജനറല്‍/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *