ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം; ജില്ലയിലെ കൂട്ടായ പ്രവര്‍ത്തനം മാതൃക

0

ലോകാരോഗ്യ സംഘടന സംഘം ജില്ലയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ ജില്ലയിലെ ആരോഗ്യസംവിധാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് ലോകാരോഗ്യ സംഘടനയുടെ ജോയിന്റ് മോണിറ്ററിംഗ് മിഷന്‍ സംഘം. മൂന്ന് ദിവസങ്ങളായി ജില്ലയിലൂടനീളം നടത്തിയ ഫീല്‍ഡ്തല പരിശോധന പൂര്‍ത്തീയാക്കിയ ശേഷം ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.പബ്ലിക് ഹെല്‍ത്ത് സ്പെഷലിസ്റ്റ് ആയ ഡോ.വില്‍സണ്‍ ലോ യുടെ നേതൃത്വത്തിലുളള പന്ത്രണ്ട് അംഗ സംഘമാണ് ജില്ലയില്‍ പര്യടനം നടത്തിയത്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി മുന്നിട്ടിറങ്ങിയ വയനാട് ജില്ലയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയുണ്ട്. രോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ ഇത്തരമൊരു പ്രവര്‍ത്തനം വികസ്വര രാജ്യങ്ങളില്‍ ആദ്യമാണെന്നും സംഘം അഭിപ്രായപ്പെട്ടു. രാജ്യത്തെ മറ്റൊരിടത്തും കാണാത്ത ഏകോപനമാണ് ഇവിടെയുളളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര വകുപ്പുകള്‍, സ്വകാര്യ ആശുപത്രികള്‍, ജനപ്രതിനിധികളുമെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. രോഗികളും ബന്ധുക്കളുമെല്ലാം ചികിത്സകളില്‍ സംതൃപ്തരാണ്. ശരിയായ ബോധവത്കരണം മൂലം പൊതുജനങ്ങള്‍ക്ക് ക്ഷയരോഗത്തെ കുറിച്ച് വ്യക്തമായ ധാരണയുളളതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഇവിടെ തയ്യാറാണ്. ചിലയിടങ്ങളില്‍ രോഗികളുടെ താമസ സ്ഥലത്ത് നിന്നും ആസ്പത്രികളിലേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ സജ്ജീകരണങ്ങളുളള കൂടുതല്‍ മൊബൈല്‍ യൂണിറ്റുകള്‍ ആവശ്യമാണെന്നും സംഘം വിലയിരുത്തി. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുളള നടപടികളും ഊര്‍ജ്ജിതപ്പെടണമെന്നും നിര്‍ദ്ദേശിച്ചു.

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘമാണ് ജില്ലയില് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. നാല് ടീമുകളായി തിരിഞ്ഞാണ് സംഘം പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ കോളനികള്‍ക്ക് പുറമേ ജില്ലാ ആശുപത്രി, ജില്ലാ ടി.ബി സെന്റര്‍, ബത്തേരി താലൂക്ക് ആശുപത്രി, തൊണ്ടര്‍നാട്, വെളളമുണ്ട, പൂതാടി, നൂല്‍പ്പുഴ, അമ്പലവയല്‍,പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആസ്പത്രികളായ വിംസ്, വിനായക എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തി. രോഗികള്‍, കൂട്ടിരിപ്പുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുമായും സംഘം ആശയവിനിമയം നടത്തിയിരുന്നു. ഡോ.രൂപക് സിംഗ്ല,ഢോ.അശ്വനി ഖന്ന, ഡോ.യാറ്റിന്‍ ഡോലാകിയ,ഡോ. ശോഭിനി രാജന്‍, ഡോ.ജാമി ടോന്‍സിംഗ്,ഡോ. മനോജ് തോഷ്നിവാള്‍,ഡോ.അല്‍മാസ് ഷമിം,ഡോ.രവീന്ദ്ര കുമാര്‍, ഡോ. ഹിമാന്‍ഷു, ഡോ.പി.എസ് രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!