ശക്തമായ മഴ: വീടിനു മുകളില്‍ മരം വീണു
ശക്തമായ മഴയിലും കാറ്റിലും പടിഞ്ഞാറത്തറ ബാങ്ക് കുന്നില്‍ വീടിനു മുകളില്‍ മരം വീണു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ബാങ്ക്കുന്നിലെ കുഞ്ഞുവീട്ടില്‍ കൃഷ്ണന്റെ ഓടിട്ട വീടിന് മുകളിലേക്ക് സമീപത്തുള്ള കമ്പിളി മരം ഒടിഞ്ഞു വീണത്. സംഭവം നടക്കുമ്പോള്‍ കൃഷ്ണനും, ഭാര്യ ജാനകിയും, മകന്റെ ഭാര്യ രാജശ്രീയും വീടിനകത്ത് ഉണ്ടായിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. വീടിന്റെ നൂറോളം ഓടുകള്‍ പൂര്‍ണ്ണമായും പൊട്ടി. കുത്തിയൊലിച്ച് അകത്തെത്തിയ മഴവെള്ളത്തില്‍ കിടക്കയടക്കം വീട്ടുപകരണങ്ങള്‍ വെള്ളത്തിലായി.
പാതി നിലംപൊത്തിയ വീട്ടില്‍ നിന്നും രണ്ടുവര്‍ഷം മുന്നേ ഇതുപോലൊരു മഴക്കാലത്താണ് ഇപ്പോഴുള്ള ഓടിട്ട ചെറിയ വീട്ടിലേക്ക് താമസം മാറിയത്. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഇതുവരെ വീട് പാസായിട്ടില്ല. കൃഷ്ണനും ഭാര്യയും മകന്റെ കുടുംബവും അടക്കം ആറുപേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. മഴ ശക്തമായി തുടരുന്നതിനാല്‍ വീണ മരം മുറിച്ചുമാറ്റി ഉടനെ തന്നെ വീടിന്റെ കേടുപാടുകള്‍ തീര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി സാമ്പത്തിക സഹായം ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് കുടുംബം. വാര്‍ഡ് മെമ്പറെയും വില്ലേജിലും വിവരം അറിയിച്ചിട്ടുണ്ട്.