പനമരത്തെ രണ്ടു വീടുകളില്‍ മോഷണശ്രമം. പനമരം ചാലില്‍ ഭാഗത്തെ ന്യൂ സ്റ്റോര്‍ റിയാസിന്റെ വീട്ടിലും, നടവയല്‍ റോഡിലെ പനമരം ചെറുപുഴയ്ക്ക് സമീപത്തെ പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ  വീട്ടിലുമാണ് മോഷണശ്രമം നടന്നത്. രണ്ടു വീടുകളിലും ആളില്ലാത്ത സമയത്തായിരുന്നു മോഷണശ്രമം നടന്നത്. വീടുകളുടെ മുന്‍ വാതിലിന്റെ ലോക്ക് തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയത്. വീട്ടുമുറിയില്‍ എത്തിയ മോഷ്ടാവ് അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട് തിരച്ചില്‍ നടത്തിയിട്ടുണ്ട്.


സണ്ണിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 4 റോല്‍ഡ് ഗോര്‍ഡിന്റെ വളകളും വിദേശത്ത് നിന്നും കൊണ്ടുവന്ന കൊന്തകളും മോഷണം പോയിട്ടുണ്ട്.  ഒന്നാം നിലയിലെ ഒരു മുറിയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. അതേസമയം റിയാസിന്റെ വീട്ടില്‍ നിന്നും ഒന്നും കളവ് പോയിട്ടില്ല. സണ്ണിയുടെ വീടിന് പുറകിലെ സിസി ക്യാമറയില്‍ രണ്ട് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം മറച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പനമരം പോലീസ് വീടുകളിലെത്തി പരിശോധന നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം നടന്നത്. സണ്ണിയും ഭാര്യയുടെ ചികിത്സാര്‍ഥം കോഴിക്കോട്ടേക്ക് പോയ ദിവസമായിരുന്നു മോഷണശ്രമം നടന്നത്. റിയാസിന്റെ കുടുംബവും ആശുപത്രി ആവശ്യത്തിനായി വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു കള്ളന്‍ കയറിയത്. രണ്ട് വീടുകളില്‍ മോഷണം നടത്തിയത് ഒരേ സംഘം തന്നെ ആണെന്നാണ് സൂചന.