ആസന്നമായ നിയമസഭ തെരഞ്ഞുടുപ്പിൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ നിന്ന് ആംആദ്മി പാർട്ടിയെ പ്രതിനീധീകരിച്ച് മത്സരിക്കാൻ തയ്യാറെടുത്ത് ട്രാൻൻസ് ജെൻഡർ. നൂൽപ്പുഴ നായ്ക്കട്ടി തേർവയൽ പണിയഉന്നതിയിലെ എൻ.വി പ്രകൃതിയാണ് മത്സരിക്കാനൊരുങ്ങുന്നത്.
ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റും കവിയുമായ പ്രകൃതി പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ ട്രാൻസ്‌ജെൻഡറുമാണ്.

കഴിഞ്ഞ ദിവസം സുൽത്താൻബത്തേരിയിൽ ചേർന്ന് ആം ആദ്മി പാർട്ടി ജില്ലകമ്മറ്റിയോഗത്തിലാണ് സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ നിന്ന് പ്രകൃതിയെ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തത്. സംസ്ഥാനകമ്മറ്റിയുടെ അനുമതി ലഭിക്കുന്നതോടെ പണിയവിഭാഗത്തിൽ നിന്നുള്ള ആദ്യട്രാൻസ്‌ജെൻഡറായി എൻ.വി പ്രകൃതി സുൽത്താൻബത്തേരിയിൽ നിന്ന് ജനവിധിതേടും. ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റും, കവിയുംകൂടിയാണ് ഇരുപത്തിയാറുകാരിയായ പ്രകൃതി. രണ്ടായിരത്തി ഇരുപത്തിമൂന്നിൽ തൃപ്പൂണിത്തറ ഗവ. ആർട്‌സ ആന്റ് സയൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും, സുൽത്താൻബത്തേരിയിലെ സ്വകാര്യ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിൽ നിന്ന് ഡിഎൽഎഡും പാസായിട്ടുണ്ട്. നിലവിൽ ചെട്യാലത്തൂർ സ്‌കൂളിലെ മെൻഡർ ടീച്ചറായി വർക്കുചെയ്യുകായണ്. വീട്ടുകാരുടെ പൂർണസമ്മതത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും നിർദ്ധനരും നിരാലംബരുമായ ജനങ്ങൾക്കായി പ്രവർത്തിക്കാനുമുള്ള അവസരമായാണ് താൻ രാഷ്ട്രീയത്തെ നോക്കികാണുന്നതെന്നാണ് പ്രകൃതി പറയുന്നത്.

തേർവയൽ ഉന്നതിയിലെ കറപ്പൻ- നാരായണി എന്നിവരാണ് പ്രകൃതിയുടെ മാതാപിതാക്കൾ. വിജിൽ സഹോദരനാണ്. പ്രകൃതിയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന തലത്തിൽതന്നെ വരും ദിവസങ്ങളിൽ സജീവ ചർച്ചയാകും.