മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. 2021ല്‍ വയനാട് പാക്കേജ് പ്രഖ്യാപന വേളയിലാണ് മുഖ്യമന്ത്രി എസ്റ്റേറ്റ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച് കേരള മദ്ധ്യപ്രദേശ് ചീഫ് സെക്രട്ടറിമാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി ഉടന്‍ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല.
2021ല്‍ വയനാട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മധ്യപ്രദേശ് സര്‍ക്കാറിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചതായി അറിയിച്ചത്. ഇത് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ സംസാരിച്ചതായും അറിയിച്ചിരുന്നു. പക്ഷേ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും യാതൊരുവിധ നടപടികളും ആയിട്ടില്ലെന്നാണ് റവന്യുവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. ബീനാച്ചി എസ്റ്റേറ്റ് 532 ഏക്കറാണ്. ഇതില്‍ പ്ലാന്റേഷന്‍ ടാക്‌സ് അടച്ചു വരുന്നത് 302 ഏക്കറിനാണ്. 170 ഏക്കര്‍ വനഭൂമിയും 60 ഏക്കര്‍ കയ്യേറ്റ ഭൂമിയുമാണ്. എസ്റ്റേറ്റ് കാപ്പിതോട്ടമാണെങ്കിലും ഭൂരിഭാഗം പ്രദേശവും വനസമാനമായാണ് കിടക്കുന്നത്.
ഇവിടെ കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ്. ഈ സ്ഥലം ഏറ്റെടുത്ത് സഫാരി പാര്‍ക്ക്, മെഡിക്കല്‍ കോളജ്, ഗവ.ആര്‍ട്സ് കോളജ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെ പ്രതീക്ഷനല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. എസ്റ്റേറ്റ് ഭാഗമായ ചൂരിമലയില്‍ നൂറ് കണക്കിനാളുകളാണ് പതിറ്റാണ്ടുകളായി താമസിച്ചു വരുന്നത്. ഇവരുടെ ഭൂമിക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല .
Comments (0)
No comments yet. Be the first to comment!