ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നത് തുടങ്ങി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തില്‍ നടന്ന വിതരണോദ്ഘാടന പരിപാടിയില്‍ അഞ്ച് പേര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു വിതരണം ചെയ്തു. ബാക്കി 136 പേര്‍ക്ക് അകൗണ്ട് വഴി പണം ലഭിക്കും.
20 ലേറെ വര്‍ഷങ്ങളായുള്ള മരിയനാട് എസ്റ്റേറ്റ് തൊഴിലാളികളുടെ വിഷയത്തില്‍ ഇതോടെ സമഗ്ര പരിഹാരമായെന്നും സര്‍ക്കാര്‍ ഇടപെടലും തൊഴിലാളി യൂണിയന്‍ നേതാക്കളും ജില്ലാ കളക്ടറുമായുള്ള ആരോഗ്യകരമായ ചര്‍ച്ചകളുമാണ് പ്രശ്‌നപരിഹാരത്തിന് വഴിതുറന്നതെന്നും മന്ത്രി ഒ ആര്‍ കേളു അഭിപ്രായപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജില്‍ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് പ്രവര്‍ത്തനം നിര്‍ത്തലാക്കിയതുമായ മരിയനാട് എസ്റ്റേറ്റിലെ തൊഴില്‍ നഷ്ടപ്പെട്ട 141 തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മരിയനാട് പുനരധിവാസ പദ്ധതി പ്രകാരം 5 കോടി രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ അംഗീകരിച്ചതോടെയാണ് 141 തൊഴിലാളികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമായത്.
സര്‍ക്കാര്‍ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ചാണ് ആനുകൂല്യ തുക വിതരണം ചെയ്യ്തത്. ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു.
മരിയനാട് എസ്റ്റേറ്റ് 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്പ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ടപരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നല്‍കാനാണ് വയനാട് പാക്കേജില്‍ തുക അനുവദിച്ചത്.
ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ടപരിഹാരവും ഗ്രാറ്റുവിറ്റിയും കണക്കാക്കി. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കിയത്.
ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇപിഎഫ് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തുക തിട്ടപ്പെടുത്തിയത്. എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താല്‍ക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായത്. ഇതില്‍ 21 പേര്‍ മരണപ്പെട്ടു.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സബ് കളക്ടര്‍
മിസാല്‍ സാഗര്‍ ഭരത്,
ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ എസ് ശ്രീജിത്ത്, ജില്ലാ ലേബര്‍ ഓഫീസര്‍ സി വിനോദ് കുമാര്‍, വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.