സീതാമൗണ്ട് ഐശ്വര്യക്കവലയില്‍ പശുക്കിടാവിനെ കടുവ കൊന്നു

മാടത്താനി അമ്മിണിയുടെ രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. വീടിന് സമീപത്തെ റോഡരികില്‍ പുല്ലുതീറ്റുന്നതിനായി കെട്ടിയിട്ട പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. പശുക്കിടാവിന്റെ കരച്ചില്‍കേട്ട് നാട്ടുകാരെത്തിയപ്പോള്‍ കടുവ പശുക്കിടാവിനെ കടിച്ചുവലിച്ച് തൊട്ടടുത്ത കന്നാരംപുഴയോരത്തെ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ പശുക്കിടാവിന്റെ ജഡം ഉപേക്ഷിച്ച് കടുവ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തി. കടുവ വീണ്ടും വരാനിടയുള്ളതിനാല്‍ എത്രയും വേഗം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പുല്പള്ളിയില്‍നിന്നും പോലീസും സ്ഥലത്തെത്തിയിരുന്നു. പശുക്കിടാവിന്റെ ഉടമയ്ക്ക് ,വെറ്ററിനറി ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *