പുല്‍പ്പള്ളി:  ഇന്ന് രാവിലെ പുല്‍പ്പള്ളി ടൗണില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധയിലാണ് ടൗണില്‍ അനശ്വര ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുക്കാന്റെ തട്ടുകട എന്ന ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണവസ്തുകള്‍ പിടികൂടിയത്. ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടലില്‍ നിന്നും പഴകിയ  ബീഫ്, ചിക്കന്‍, ന്യൂഡില്‍സ് തുടങ്ങിയവ പിടിച്ചെടുത്തു. ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥാപനത്തിലെ കുടിവെള്ള ടാങ്കും ഫ്രീസറുമെല്ലാം വൃത്തിഹീനമായാണ് കൈകാര്യം ചെയ്തിരുന്നത്. സ്ഥാപനത്തിലെ മിക്ക ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡുമുണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആരോഗ്യ വകുപ്പ് ഈ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രഭാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ. മനോജ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി. ഷാരിഷ്, ജെഎച്ച്‌ഐമാരായ പി.വി. അഭിലാഷ്, ശ്രുതി വിജയന്‍, ഡ്രൈവര്‍ പി.ജി. അശോകന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോജി, മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.