സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. മുന്‍ചെയര്‍മാനും ഡെപ്യൂട്ടി ചെയര്‍പേഴ്സണുമടക്കം നിലവിലെ ഭരണസമിതിയിലെ 12 അംഗങ്ങള്‍ ഇത്തവണയും മത്സരരംഗത്തുണ്ട്. സി.പി.എം 29 സീറ്റില്‍ മത്സരിക്കുമ്പോള്‍ സി.പി.ഐ മൂന്ന്, കേരള കോണ്‍ഗ്രസ് എം രണ്ട്, ജനതാദള്‍ എസ്, ആര്‍.ജെ.ഡി എന്നിവര്‍ ഓരോസീറ്റിലുമാണ് ജനവധിതേടുന്നത്.
സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ 36 ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ചത്. ജില്ലയില്‍ തന്നെ ആദ്യം സ്ഥാനാര്‍ഥികളെ ഒരുമുന്നണി പ്രഖ്യാപിക്കുന്നതും ഇവിടെയാണ്. നഗരസഭ രൂപീകരിച്ചതിനുശേഷമുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് അടുത്തമാസം നടക്കാന്‍ പോകുന്നത്. ഡിവിഷന്‍ വിഭജനം പൂര്‍ത്തിയായപ്പോള്‍ ഇത്തവണ ഒരു സീറ്റ് നഗരസഭയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നഗരസഭയിലെ 29 സീറ്റുകളില്‍ സി.പി.എമ്മാണ് മത്സരിക്കുന്നത്. മൂന്ന് ഡിവിഷനുകളില്‍ സി.പി.ഐയും രണ്ടെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ഓരോ സീറ്റുകളില്‍ ജെ.ഡി.എസും, ആര്‍.ജെ.ഡിയും മത്സരിക്കും. നിലവില്‍ ചെയര്‍മാന്‍ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എസ് വിശ്വനാഥന്‍ എന്നിവരും എല്‍.ഡി.എഫിനായി മത്സരരംഗത്തുണ്ട്. കഴിഞ്ഞ രണ്ട് തവണയും നഗരസഭയില്‍ നിലനിര്‍ത്തിയ എല്‍.ഡി.എഫിന് ഇത്തവണയും ഭരണം നിലനിര്‍ത്താനാകുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭതല എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ ഈ മാസം പതിനെട്ടിന് നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
No comments yet. Be the first to comment!