ബത്തേരി: സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിലാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും  പൊതു ശൗചാലയം തുറന്നു പ്രവര്‍ത്തിക്കാത്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ദിവസവും നിരവധി യാത്രക്കാരാണ് ഇവിടെയെത്തുന്നത്.  പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാരടക്കമുള്ള ജനങ്ങള്‍.  ഈ സാഹചര്യത്തില്‍ എത്രയുംവേഗം ശൗചാലയം തുറക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ബത്തേരി ടൗണിലെ തിരക്കേറിയ കോട്ടക്കുന്നിലാണ് പൊതുശൗചാലയം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുന്നത്. എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയ ശൗചാലയം രണ്ട് മാസം മുമ്പാണ് നഗരസഭ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ അന്നുമുതല്‍തന്നെ ഇത് അടഞ്ഞുകിടക്കുകയാണ്. ശൗചാലയ നടത്തിപ്പിന് കരാറാകാത്തതാണ് തുറക്കുന്നതിന് തടസമായിരിക്കുന്നത്. മൈസൂര് ഭാഗത്തേക്ക് യാത്രചെയ്യുന്നവര്‍ക്കും ഇവിടേക്ക് എത്തുന്നവര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഇവിടെ സൗകര്യങ്ങളില്ല. പൊതുശൗചാലയം ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതായാണ് ഇവിടത്തെ ഡ്രൈവര്‍മാരടക്കം പറയുന്നത്. അതേസമയം ശൗചാലയ നടത്തിപ്പിന് ആളെ നിയോഗിച്ച് അടുത്തദിവസം തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്.