കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രോല്‍സവത്തിന് കൊടിയേറി
പന്തിമൂല ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ കൊടിമര ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ശേഷം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് ആണ് കൊടിയേറ്റം നടത്തിയത്. തുടര്‍ന്ന് റാട്ടക്കൊല്ലി മലയാളത്തമ്മ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച കരകം എഴുന്നള്ളത്തില്‍ ബാലികാ ബാലന്‍മാരടക്കം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. ക്ഷേത്രത്തില്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് 12-മണിക്ക് പ്രസാദ ഊട്ടും, വൈകുന്നേരം 7 മണിക്ക് വയനാട്ടിലെ പ്രശസ്തരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങളും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രോല്‍സവത്തിന്റെ പ്രധാന ദിവസമായ ഞായറാഴ്ച്ച വയനാട് ജില്ലയുടെ വിവിധ ഗോത്ര സങ്കേതങ്ങളില്‍ നിന്നുള്ള തൃത്താലങ്ങളേന്തിയ കാഴ്ച്ച വരവുകള്‍ ക്ഷേത്രത്തിലെത്തുന്നതായിരിക്കും വൈകുന്നേരം 6.30 മണിക്ക് ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിരക്കളി ക്ഷേത്രാങ്കണത്തില്‍ ഉണ്ടായിരിക്കുന്നതാണ്. 7-ാം തീയതി കരകം ഒഴുക്കല്‍, വനപൂജ എന്നീ ചടങ്ങുകളോടെ ഉത്സവാഘോഷത്തിന് സമാപനമാകും. കൊടിമര ഘോഷയാത്ര,കരകം എഴുന്നള്ളത്ത്, പ്രസാദ ഊട്ട് എന്നീ പരിപാടികള്‍ക്ക് ക്ഷേത്ര സമിതി അംഗങ്ങളായ എം.മോഹനന്‍, കെ. രാജന്‍, ഗിരീഷ് കല്‍പ്പറ്റ, വി. കെ. ബിജു, എ.സി. അശോക് കുമാര്‍, ആര്‍. മോഹന്‍ കുമാര്‍, എം.കെ. ഗ്രീഷിത്ത് എന്നിവര്‍ നേതൃത്വം കൊടുത്തു.