കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എല്‍ ആയ സാഹചര്യത്തില്‍ കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അനുമതി നല്‍കി. മെയ് 23 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍  1.557 ക്യുബിക് മീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡാമിന്റെ പരിസര പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തുന്ന മറ്റ് പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ജില്ലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുന്‍വര്‍ഷങ്ങളില്‍ ലഭിച്ച അതിശക്തമായ മഴയുടെയും പശ്ചാത്തലത്തില്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനും ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം ആരംഭിക്കാനുള്ള സാധ്യത കണക്കെടുത്തുമാണ് ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്. ദിവസവും രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡാം തുറക്കുന്ന സമയത്ത് ഡാം പരിസരത്തും വെള്ളം ഒഴുകിപ്പോകുന്ന പുഴകളുടെ കരകളിലും ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്.  പുഴയില്‍ ഇറങ്ങാനോ പുഴ മുറിച്ചുകടക്കാനോ ശ്രമിക്കരുത്. ഡാം തുറന്ന ശേഷം മത്സ്യബന്ധനം നടത്താന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. ഡാമിന്റെ പരിസര പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളിലും അധികൃതര്‍ യഥാസമയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഇവ കൃത്യമായി പാലിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.