മാനന്തവാടി: മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ അക്രമിച്ചു പരിക്കേല്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഇടുക്കി, അടിമാലി, കടവനപ്പുഴ വീട്, കെ.എ. അഭിജിത്ത്(26), തരുവണ, പൊരുന്നന്നൂര്‍, വെങ്ങച്ചിനി വീട്, എസ്. അശ്വന്ത് (21), ഇടുക്കി, ആനവിരട്ടി, കടയൻ വീട്ടിൽ, ബില്‍ജൂ സാജു(26) എന്നിവരെയാണ് എസ്.ഐ കെ. സിൻഷയുടെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ കേസിൽ നിയമ നടപടിക്ക് വിധേയനായ അഭിജിത്ത് ഗുരുവായൂര്‍ ടെമ്പിള്‍, തിരുനെല്ലി, വെള്ളത്തൂവല്‍, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ്. ഇയാൾ മാനന്തവാടി കേസിൽ കോടതിയുടെ ജാമ്യത്തില്‍ കഴിഞ്ഞു വരുകയായിരുന്നു. ബില്‍ജു സാജു അടിമാലി സ്റ്റേഷനിൽ ലഹരി കേസിലെ പ്രതിയാണ്. 29.04.2026 തീയതി പുലർച്ചെ ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ നടത്തിയ പോലീസിന്റെ ഓപ്പറേഷനിടെയാണ് എസ്.ഐക്ക് മർദനമേറ്റത്.
18.05.26 തീയതി വൈകീട്ടോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പ്രതി കെ.എൽ 03 ഇ 7727 നമ്പർ കാറിൽ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഈ വാഹനം മാനന്തവാടി കെ.ടി. ജംക്ഷന് സമീപം വെച്ച് കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, വാഹനം നിർത്താതെ ഓടിച്ചു കടന്നുകളഞ്ഞു. പിന്തുടർന്ന പോലീസ് സംഘം വാഹനം തടഞ്ഞുനിർത്തി നിയമാനുസരണം വാഹനത്തിൽ പരിശോധന നടത്താൻ ശ്രമിക്കവെ മൂന്നംഗ സംഘം വനിതാ എസ്.ഐയെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തള്ളി മാറ്റുകയും കൈകുഴക്കും ഷോൾഡറിനും പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കത്തി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!