വയനാട് കുടുംബശ്രീയും കേരളവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് വിതരണ ചടങ്ങ് മെയ് 16ന് ശനിയാഴ്ച കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും.വൈകീട്ട് 4 ന് ആരംഭിക്കുന്ന പരി പാടിയുടെ ഉദ്ഘാടനം അഡ്വ.കെ.സിദ്ദിഖ് എം എല്‍.എ. നിര്‍വ്വഹിക്കും.സംഘാടക സമിതി ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ അധ്യക്ഷനാവും.എം.എല്‍.എ.മാരായ  ഉഷ വിജയന്‍,ഐ.സി.ബാലകൃഷ്ണന്‍,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ പി.വിശ്വനാഥന്‍,ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ,കേരള വിഷന്‍ ന്യൂസ് എം.ഡി. പ്രിജേഷ് അച്ചാണ്ടി,കെ.സി.സി.എല്‍ എം.ഡി അനില്‍ മംഗലത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കലാ സാഹിത്യ സിനിമാ വാണിജ്യ കായിക രംഗങ്ങളിലെ നിരവധി പ്രമുഖരും അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ധിക്കും.

കേരളത്തിലെ മികച്ച കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ക്ക് നല്‍കുന്ന വയനാട് ജില്ലാ പുരസ്‌കാരങ്ങളുടെ വിതരണമാണ് ശനിയാഴ്ച്ച നടക്കുന്നത്. ജില്ലിയലെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് ലഭിച്ച 150 ല്‍ പരം എന്‍ട്രികളില്‍ നിന്നും വിദഗ്ധരടങ്ങിയ ജൂറി പാനല്‍ നേരിട്ട് പരിശോധിച്ച് തിരഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരഭങ്ങള്‍ക്കാണ് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്‌കാര വിതരണത്തിന് ശേഷം കുടുംബശ്രീ മിഷന്റെ പങ്കാളിത്തത്തോടെ സിനിമ ടെലിവിഷന്‍ രംഗത്തെ പ്രശസ്തര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ കലാസന്ധ്യയും ഉണ്ടായിരിക്കും.

ജില്ലാതല പുരസ്‌കാര വിതരണ ചടങ്ങുകള്‍ക്ക് ശേഷം 2026 ജൂലൈയില്‍ എറണാകുളത്ത് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കും. രജത ജൂബിലി വര്‍ഷം പിന്നിടുന്ന കുടുംബശ്രീകള്‍ ജില്ലാതല പുരസ്‌കാര വിതരണ ചടങ്ങുകള്‍ക്ക് ശേഷം 2026 ജൂലൈയില്‍ എറണാകുളത്ത് നാടിന്റെ വിവിധ കര്‍മ്മ മേഖലകളില്‍ മികവ് തെളിയിച്ചുക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ മികച്ച കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളെ  ആദരിക്കുന്നത്. ഇതിനായി കേരള വിഷന്‍ 14 ജില്ലകളിലും വിശാലമായ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു വരികയായിരുന്നു.  

ഓരോ ജില്ലയില്‍ നിന്നും പത്ത് മേഖലകളില്‍ മികവുകള്‍ പ്രകടിപ്പിച്ചിട്ടുള്ള ഓരോ മൈക്രോ യൂണിറ്റുകളെ കണ്ടെത്തുകയും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി ആദരിക്കുന്നതിന് ജില്ലാതല അവാര്‍ഡ് നിശ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 140 മൈക്രോ എന്റര്‍പ്രൈസുകളെ കണ്ടെത്തിയതിനുശേഷം ഏറ്റവും മികച്ച 10 യൂണിറ്റുകള്‍ക്ക് സംസ്ഥാന തലത്തില്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, കണ്‍വീനര്‍ അഷ്‌റഫ് പൂക്കയില്‍, സിഒഎ വയനാട് ജില്ല സെക്രട്ടറി സി.എച്ച് അബ്ദുള്ള, വയനാട് വിഷന്‍ എംഡി ബിജു ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.