ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വൈത്തിരി താലൂക്കിലെ ഒന്‍പത് സാമൂഹ്യ പഠനമുറികളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. രാവിലെ 11ന് കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ രാജീവ് നഗര്‍ പഠനമുറിയില്‍ വെച്ച് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഗോത്രവര്‍ഗ മേഖലകളില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ജന്‍ബാഗീദാരി അഭിയാന്‍ പ്രചരണ പരിപാടിയുമായി ബന്ധപെട്ട ആരോഗ്യ പരിശോധനകളും മറ്റ് പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കും. ജനറല്‍ ഹെല്‍ത്ത് ചെക്കപ്പ്, ജീവിത ശൈലി രോഗ സ്‌ക്രീനിങ്, സിക്കിള്‍ സെല്‍ അനീമിയ സ്‌ക്രീനിങ്, ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡ് ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം, ആധാര്‍, ബാങ്ക് അക്കൗണ്ട്, മറ്റ് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കല്‍ എന്നിവയാണ് ജന്‍ബാഗീദാരി അഭിയാന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 23ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് ഉന്നതിയിലും സേവനങ്ങള്‍ ലഭ്യമാക്കും.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംറ്റ്‌ടെക്ക് എന്ന കമ്പനിയാണ് സാമൂഹ്യ പഠനമുറികളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചുനല്‍കുന്നത്. ഉദ്ഘാടന പരിപാടിയില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. മെയ് 18 മുതല്‍ 25 വരെ നടക്കുന്ന ജന്‍ ബാഗീദാരി പദ്ധതിയിലൂടെ ഗോത്രവര്‍ഗ മേഖലകളില്‍ വിവിധ സേവനങ്ങള്‍ പൂര്‍ണ്ണതോതില്‍ ലഭ്യമാക്കുക, ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ആദി സേവാ കേന്ദ്രങ്ങള്‍ വഴി ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ദേശീയ ലോക് അദാലത്ത് ജൂണ്‍ 13ന്

ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 13ന് ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. പുതിയ പരാതികള്‍ മെയ് 25 വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിലേക്ക് നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബകോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വീസ് സംബന്ധിച്ച കേസുകള്‍ എന്നിവയും സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ ഒത്തുതീര്‍പ്പാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലും 8281668101 (മാനന്തവാടി), 8304882641 (സുല്‍ത്താന്‍ ബത്തേരി), 9995167835 (വൈത്തിരി)  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും (ഫോണ്‍: 04936 207800) ബന്ധപ്പെടാം.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 22ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍  സിറ്റിംഗ് മെയ് 22  രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതിനോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാം. സിറ്റിങുകളില്‍ കമ്മീഷന് നേരിട്ടോ, തപാലിലോ, kscrminorities@gmail.com എന്ന മെയില്‍ വിലാസത്തിലോ, 9746515133  നമ്പറില്‍ വാട്ട്‌സ്ആപ്പിലോ പരാതി സമര്‍പ്പിക്കാം.

അധ്യാപക നിയമനം

കോട്ടനാട് ഗവ. യു പി സ്‌കൂളില്‍എല്‍.പി.എസ്.ടി, യു.പി.എസ്.ടിഅധ്യാപക തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാര്‍ഥികള്‍  യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മെയ് 22 രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936281198

അഭിമുഖം മാറ്റിവെച്ചു

തൃശ്ശിലേരി ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ (റൂസ) സൈക്കോളജി, ജോഗ്രാഫി വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരുടെ നിയമനത്തിനായി മെയ് 28ന് നടത്താന്‍ നിശ്ചയിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ഫോണ്‍: 9496704769

പ്രീമെട്രിക്ക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ നിയമനം

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍  അഞ്ചാംക്ലാസ്സ് മുതല്‍ 10 -ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, വിഷയങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ നല്‍കാന്‍ ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിലെ അപേക്ഷകര്‍ ബി എഡും, യു.പി വിഭാഗത്തിലെ അപേക്ഷകര്‍ ടി.ടി.സി/ഡി.എല്‍.എഡ് പാസായവരും ആയിരിക്കണം. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 25നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 208099, 8547630163.

ദര്‍ഘാസ്  ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ശക്തമായ മഴയിലും കാറ്റിലും കെട്ടിടങ്ങളുടെ ഓടുകള്‍ പൊട്ടുകയും സീലിങ് ചെയ്ത വീ ബോര്‍ഡുകള്‍ നശിക്കുകയും ബാത്ത്‌റൂം വാതില്‍  പൊളിയുകയും ചെയ്ത സാഹചര്യത്തില്‍ അടിയന്തരമായി ഇവയെല്ലാം മാറ്റി സ്ഥാപിക്കാന്‍ വ്യക്തികള്‍, സംഘങ്ങള്‍, സ്ഥാപനങ്ങള്‍, സഹകരണ സ്വാശ്രയ സംഘങ്ങള്‍, പട്ടികവര്‍ഗ്ഗ ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 23 വൈകിട്ട് അഞ്ചിനകം എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നേരിട്ടോ സബ് കളക്ടര്‍ ആന്‍ഡ്  പ്രസിഡന്റ്, എന്‍  ഊര് ചാരിറ്റബിള്‍ സൊസൈറ്റി, വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപം പൂക്കോട് - 673576 എന്ന വിലാസത്തിലോ ലഭ്യമാക്കണം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിങ്ങാരി മഞ്ഞപ്പള്ളി, ആലഞ്ചേരി പ്രദേശങ്ങളില്‍ ഇന്ന് (മെയ് 21) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ടിക്കറ്റ് കൗണ്ടര്‍ 5 വരെ

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടര്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചു.


മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ: മെയ് 27 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി മെയ് 27 വരെ നീട്ടി. പൊതുപ്രവേശന പരീക്ഷ ജൂണ്‍ 1ന് ഓണ്‍ലൈനായി നടക്കും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവ് ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രിന്റ് ജേണലിസം,നിര്‍മ്മിത ബുദ്ധി റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ കോഴ്സ്. ടെലിവിഷന്‍ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷന്‍, മീഡിയ കണ്‍വെര്‍ജന്‍സ്, മൊബൈല്‍ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയില്‍ സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്സാണ് ടെലിവിഷന്‍ ജേണലിസം. പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് കോഴ്സ്. ഒപ്പം, ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നല്‍കുന്നു.

ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.kma.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.  അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ). ഇ-ട്രാന്‍സ്ഫര്‍/ ജി-പേ/ ബാങ്ക് മുഖേന ഫീസ് അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മെയ് 27. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484-2422275, 8590320794 (ഡയറക്ടര്‍), 9400897239 (ടെലിവിഷന്‍ ജേണലിസം കോ-ഓര്‍ഡിനേറ്റര്‍), 7356149970 (പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍), 9747886517 (ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍)