മേപ്പാടി കുന്നമ്പറ്റയില്‍  ഉരുള്‍ ദുരിതബാധിതക്കായി കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന ഭവന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രതീകാത്മകമായി കുടില്‍ കെട്ടി പ്രതിഷേധിച്ചു. ഭവന പദ്ധതി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക സമരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞദിവസം വീടുകളുടെ നിര്‍മാണം ആരംഭിച്ചെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭവന പദ്ധതി പോലും എടുക്കേണ്ട പെര്‍മിറ്റ് പോലും കോണ്‍ഗ്രസ് വാങ്ങിയിട്ടില്ലെന്ന് തെളിവ് സഹിതം ഡിവൈഎഫ്‌ഐ പുറത്തുവിട്ടു.

ഫെബ്രുവരി 26നാണ് കോണ്‍ഗ്രസ് ഭവന പദ്ധതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും വയനാട് എംപി പ്രിയങ്കഗാന്ധിയും ചേര്‍ന്ന് തറക്കല്ലിട്ടത്. ഒരുമാസം പിന്നിട്ടിട്ടും നിര്‍മ്മാണം ആരംഭിക്കാതിരുന്നതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അടക്കം കോണ്‍ഗ്രസിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചെന്ന് പറഞ്ഞതും കോണ്‍ഗ്രസിന് വിനയായി. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ് ഭവനപദ്ധതി വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിലകൊടുത്തു വാങ്ങിയ ഭൂമിയിലെത്തി പ്രതീകാത്മക കുടില്‍ കെട്ടിയത്. സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ കൊള്ളരുതായ്മ കുടിലുകള്‍ കെട്ടി തുറന്നുകാട്ടുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു:

ടൗണ്‍ഷിപ്പില്‍ അടക്കം വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി പാഴ്വാക്കായെന്നും  ഡിവൈഎഫ്ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി.  20 കോടി രൂപ സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പിന് നല്‍കിയെന്നും എന്നാല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആപ്പ് വഴി പണം പിരിച്ച് മുക്കിയെന്നുമാന്നാണ് ഡിവൈഎഫ്ഐയുടെ പ്രധാന ആരോപണം. രാഹുല്‍ഗാന്ധി ഇട്ട ശിലാഫലകം പോലും കോണ്‍ഗ്രസ് ഭൂമിയില്‍ കാണാനില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പരിഹസിച്ചു.