വയനാട് ടൗണ്‍ഷിപ്പില്‍ മാതൃകാ ക്ലസ്റ്റര്‍ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ക്ലസ്റ്ററിലെ പൂന്തോട്ടം സ്ട്രീറ്റ് ലൈറ്റുകളും പിടിപ്പിച്ച് തുടങ്ങി. താമസക്കാര്‍ക്ക് പച്ചപുല്‍ പരവതാനിക്കുള്ളില്‍ സ്ഥാപിച്ച ഇന്റര്‍ലോക്കിലൂടെ നടന്ന് പ്രഭാതങ്ങളും സായാഹ്നങ്ങളുമടക്കം സമയം ചിലവഴിക്കാനും കുട്ടികള്‍ക്ക് കളിക്കാനുമെല്ലാമുള്ള സൗകര്യവുമായാണ് ഗ്രീന്‍ സ്‌പെയ്‌സ് നിര്‍മ്മിച്ചത്. വിവിധ ഇനങ്ങളിലെ പൂച്ചെടികള്‍, മാവ്, പേര, ചാമ്പക്ക എന്നിവയെല്ലാം ഉള്‍പ്പെടുന്നതായിരിക്കും നടുമുറ്റം. ടൗണ്‍ഷിപ്പിലെ 35 ക്ലസ്റ്ററുകളിലും ഗ്രീന്‍ സ്‌പെയ്‌സുണ്ടാകും. 8 മുതല്‍ 20 വീടുകള്‍ വരെയാണ് ഒരു ക്ലസ്റ്ററിലുണ്ടാവുക. എല്ലാ വീടുകളുടെയും മുന്‍വശം അഞ്ചര മീറ്റര്‍ വീതിയുള്ള റോഡിലേക്കാണ്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാല്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളാല്‍ നിറഞ്ഞ നടുമുറ്റത്തിന്റെ മനോഹര കാഴ്ചയാണ് കാണുക.
ക്ലസ്റ്ററിലെ എല്ലാ വീടുകളില്‍ ഉള്ളവര്‍ക്കും ഒരുപോലെ ഭംഗി ആസ്വദിക്കാം. പൊതു അടുക്കളത്തോട്ടമായും നടുമുറ്റത്തെ ഉപയോഗിക്കാം. അത്യാധുനികവും പ്രകൃതി സൗഹാര്‍ദ്ദവമായ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഗ്രീന്‍ സ്‌പെയ്‌സുകളും നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ഒന്നിനും ഒന്നാംഘട്ടമായി കൈമാറാനുള്ള 178 വീടിന്റെയും അവസാന മിനുക്കു പണികളിലാണ്. ബൈപ്പാസില്‍ നിന്ന് ടൗണ്‍ഷിപ്പിലെ വിവിധ സോണുകളിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളുടെയെല്ലാം ടാറിങ് പ്രവര്‍ത്തി അവസാനഘട്ടത്തിലാണ്. സിമന്റ് ട്രീറ്റഡ് ബേസ് സാങ്കേതികവിദ്യയില്‍ അത്യാധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മാണം. ഒന്നാംഘട്ടത്തില്‍ കൈമാറേണ്ട വീടുകളിലേക്കുള്ള സോളാര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുന്നു. കുടിവെള്ളം സംഭരിക്കാനുള്ള ടാങ്കുകളും വീടുകളുടെ മുകളിലേക്ക് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിക്കുന്നുണ്ട്. കുടിവെള്ള വിതരണത്തിനുള്ള സംവിധാനവും മലിനജല സംസ്‌കരണത്തിനുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തിയും നടക്കുന്നു.
Comments (0)
No comments yet. Be the first to comment!