വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ അതിക്രൂരമായ റാഗിങ്ങിനിരയായ സിദ്ധാര്‍ഥന്റെ വിയോഗത്തിന് രണ്ടുവര്‍ഷം. അതേസമയം കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന പരാതിയും ശക്തമാണ്. റാഗിങ് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടുവെന്നും വിമര്‍ശനമുണ്ട്.
2024 ഫെബ്രുവരി 18ന് ആണ് കോളജിലെ മെന്‍സ് ഹോസ്റ്റല്‍ ഡോര്‍മിറ്ററി ശുചിമുറിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി നെടുമങ്ങാട് വിനോദ് നഗര്‍ പവിത്രത്തില്‍ ജെ.എസ്.സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പ്രണയദിനത്തില്‍ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു. മൂന്നു ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെല്‍റ്റ് കൊണ്ടടിച്ചതിന്റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയര്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ടതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കുടുംബത്തിന്റെ പരാതിയില്‍ ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ചു. സിബിഐ പ്രാഥമിക കുറ്റപ്രതം സമര്‍പ്പിച്ചു. മുഴുവന്‍ പ്രതികളും 90 ദിവസങ്ങള്‍ക്കു ശേഷം ജയിലിനു പുറത്തിറങ്ങി. വകുപ്പുതല അന്വേഷണവും നടപടിയും കോളജ് ഡീനിലും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനിലും ഒതുങ്ങി. ഡീന്‍ ഡോ.എം.കെ. നാരായണന്‍, അസി. വാര്‍ഡന്‍ ഡോ. ആര്‍.കാന്തനാഥന്‍ എന്നിവര്‍ സസ്‌പെന്‍ഷന്‍ കാലാവധിക്കു ശേഷം തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികള്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തില്‍ പരീക്ഷയെഴുതി. സിദ്ധാര്‍ഥന്റെ കൊലയാളികളെ രക്ഷിക്കുന്നതിന് ഉന്നതതലത്തില്‍ ഇടപെടലുകള്‍ നടന്നെന്നും കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തുടക്കത്തില്‍ തന്നെ നശിപ്പിച്ചിരുന്നെന്നുമാണ് സിദ്ധാര്‍ഥിന്റെ മാതാപിതാക്കളുടെ ആരോപണം.
Comments (0)
No comments yet. Be the first to comment!