കല്‍പ്പറ്റ നഗരസഭയില്‍ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനുള്ള അധികൃതരുടെ ശ്രമങ്ങള്‍ പരാജയം. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത ഭാഗത്തെ വാഷര്‍ ഇളകി വീണ്ടും വെള്ളം പുറത്തേക്കൊഴുകി. കുടിവെളളമില്ലാതെ പ്രതിസന്ധിയിലായവര്‍ക്ക് എങ്ങനെ എങ്കിലും വെള്ളമെത്തിക്കാനായി വകുപ്പധികൃതര്‍ നടത്തിയ ശ്രമമാണ് താല്‍ക്കാലികമായി പരാജയപ്പെട്ടത്.
ഞായറാഴ്ചയുണ്ടായ പൈപ്പ് തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞ രാത്രി മുഴുവന്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ച സംഘം, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രി ഏറെ വൈകി ഏകദേശം 2 മണിയോടെയാണ് വെള്ളം തുറന്നുവിട്ടത്. എന്നാല്‍, വെള്ളം പ്രവഹിക്കാന്‍ തുടങ്ങിയതോടെ പൈപ്പ് ജോയിന്റിലെ വാഷര്‍ തള്ളി നീങ്ങുകയും വീണ്ടും ശക്തമായ ചോര്‍ച്ച ഉണ്ടാകുകയും ചെയ്തു. പുലര്‍ച്ചെ 5 മണിവരെ സ്ഥലത്ത് കാത്തിരുന്ന് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരും കരാറുകാരും മടങ്ങിയത്. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് ജോയിന്റ് ഭാഗത്തെ വാഷര്‍ പുറത്തേക്ക് തള്ളി വെള്ളം പുറത്തേക്ക് തെറിക്കുകയായിരുന്നു. മുട്ടില്‍ വാര്യാട് പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ വലിയ മരത്തിന്റെ വേരുകളില്‍ കുരുങ്ങിയാണ് പൈപ്പിന്റെ ജോയിന്റ് ഇളകി അലൈമെന്റില്‍ മാറ്റം വന്നത്. ഇതുമൂലം കഴിഞ്ഞ ഞായറാഴ്ച മുതല്‍ കല്‍പ്പറ്റ നഗരസഭയിലും സമീപ പ്രദേശങ്ങളിലുമായി കുടിവെള്ള വിതരണം പൂര്‍ണ്ണമായും നിലച്ചിരുന്നു.. തകരാറായ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം, ആ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാനാണ് അടുത്ത നീക്കം. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ വെള്ളം പൂര്‍ണ്ണമായും തുറന്ന് വിടാന്‍ സാധിക്കൂ എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 48 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പ്രശ്നം അതിവേഗം പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതരും കരാറുകാരും 24 മണിക്കൂറും സ്ഥലത്തെ അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
No comments yet. Be the first to comment!