വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ 14 ദിവസം നീണ്ടുനിന്ന ആറാട്ട് മഹോത്സവം ഭക്തിനിര്‍ഭരമായ സമാപിച്ചു.തിന്മയെ നന്മ കൊണ്ട് കീഴടക്കി വിജയം നേടുന്ന കോലം കോറയോടെയാണ് ഉത്സവത്തിന് സമാപനമായത്. ഉത്സവത്തിന് ശേഷം ഏഴാം നാളാണ് വള്ളിയൂര്‍ക്കാവില്‍ കൊടിയിറങ്ങുക.

പന്ത്രണ്ട് മണിയോടെ നാനാദേശത്തുനിന്നുമെത്തുന്ന അടിയറകള്‍ ഇളനീര്‍ക്കാവുകളുടെ അകമ്പടിയോടെ വള്ളിയൂര്‍ക്കാവിലേക്കെത്തി വള്ളിയൂരമ്മയ്ക്ക് അഭിഷേകം നടത്തി. തുടര്‍ന്ന് വള്ളിയൂരമ്മ പാണ്ടിമേളത്തോടെ ആനപ്പുറത്ത് താഴേക്കാവിലേക്ക് എഴുന്നള്ളി. ദേവിയെ മണിപ്പുറ്റില്‍ ഇറക്കിയെഴുന്നള്ളിച്ചശേഷം പാട്ടുപുരയില്‍ ചെറിയൊരു പാട്ട് നടന്നു. തുടര്‍ന്ന് ദേവി ആറാട്ടുതറയിലേക്ക് എഴുന്നള്ളി കോമരനൃത്തത്തിനും ഇറക്കിപ്പൂജക്കും ശേഷം കബനീനദിയില്‍ ആറാട്ടു നടത്തി മേലേക്കാവിലെത്തി. ദേശക്കാരുടെ അരിചാര്‍ത്തലിനു ശേഷം ദേവീയെ താഴെക്കാവിലേക്ക് വീണ്ടും എഴുന്നള്ളിച്ചു. തുടര്‍ന്ന് കോമരനൃത്തത്തിനും ഒപ്പനദര്‍ശനത്തിനും ശേഷം രുധിരക്കോലം നടന്നു. പാണിയുടെ അകമ്പടിയോടെയാണ് ദാരികനും  ഭദ്രകാളിയും യുദ്ധം ചെയ്യുന്നത്. കാളി ദാരികനെ വധിച്ച് വാള്‍ തിരികെ എഴുന്നള്ളിച്ചതോടെ 14 ദിവസത്തെ ഉത്സവത്തിന് സമാപനമായി.

ദാരികന്റെ വധത്തിന് ശേഷം ഭഗവതിയെ മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളിച്ച് പള്ളിയറ ക്ഷേത്രത്തില്‍ നിന്നെഴുന്നള്ളിച്ച വാളും ചേരക്കോട്ട് ഇല്ലത്തു നിന്നും എത്തിച്ച ഒപ്പനക്കോപ്പും തിരിച്ചെഴുന്നള്ളിച്ചു. ഇതോടെ പതിനാലുദിവസത്തെ ഉത്സവത്തിന് സമാപനമായി. 
ഉത്സവം കഴിഞ്ഞ് ഏഴാം നാളാണ് വള്ളിയൂര്‍ക്കാവില്‍ കൊടിയിറങ്ങുക