ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിന് യുദ്ധകാല വേഗത്തില്‍ പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ തുരങ്ക നിര്‍മ്മാണം തുടങ്ങും. ആനക്കാംപൊയില്‍ ഭാഗത്താണ് ആദ്യം തുടങ്ങുക.
കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപനപാത ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. നിലവില്‍ തുരങ്കപാതയുടെ നിര്‍മാണപ്രവൃത്തികള്‍ ത്വരിതഗതിയിലാണ് മുന്നേറുന്നത്. ആനക്കാംപൊയിലില്‍ ഈ മാസം അവസാനത്തോടെ തുരങ്കത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. ഇവിടെ തുരക്കേണ്ട ഭാഗം വരെയുള്ള റോഡ് നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
മേപ്പാടി ഭാഗത്ത് 145 മീറ്റര്‍ മണ്ണ് മാറ്റാനുണ്ട്. തുടര്‍ന്നാകും തുരക്കല്‍. മേപ്പാടി ഭാഗത്തും റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിശ്ചിത സമയത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് മേല്‍നോട്ട ചുമതല. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്നാണ് ഫണ്ട് ലഭിക്കുക. പദ്ധതി നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണ് കരാര്‍ ഏറ്റെടുത്തത്.
Comments (0)
No comments yet. Be the first to comment!