ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ടാമത്തെ ഭൂമിയും കോൺഗ്രസ് കണ്ടെത്തിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഭൂമിയുടെ രജിസ്ട്രേഷൻ അടുത്ത ആഴ്ചനടക്കും. പാർലമെൻറ് സമ്മേളനം കഴിഞ്ഞശേഷം തറക്കല്ലിടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

റിപ്പൺ എസ്റ്റേറ്റിലെ തോട്ടംതൊഴിലാളികളെ കണ്ടശേഷമാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുന്നമ്പപറ്റയിൽ കോൺഗ്രസ് ഏറ്റെടുത്ത ഭൂമിയിലെത്തിയത്. പുതുയുഗയാത്രയുടെ ഭാഗമായി അദ്ദേഹം ജില്ലയിലെത്തിയത്. സർക്കാർ ഒരുവർഷം എടുത്തപ്പോൾ കോൺഗ്രസ് നാലുമാസം കൊണ്ടാണ് സ്ഥലം വാങ്ങിയതെന്നും, തൊട്ടടുത്തുള്ള സ്ഥലം അടുത്ത ദിവസം രജിസ്ട്രേഷൻ ചെയ്യുമെന്നും, അദ്ദേഹം പറഞ്ഞു. 6 ഏക്കറിൽ ഈ മാസം തന്നെ തറക്കല്ലിടൽ നടത്തി നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന്റെ പേരിലാണ് മേപ്പാടി കുന്നമ്പറ്റയിൽ 3.24 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് വാങ്ങിയത്. അടുത്തദിവസം തൊട്ടടുത്തുള്ള 3 രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. ഇതോടെ ആദ്യഘട്ട ഭവന പദ്ധതിയാണ് ഈ ഭൂമിയിൽ നടപ്പാക്കുക. നൂറു വീടുകളാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവിനോടൊപ്പം കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു