സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി മുണ്ടക്കൈ ദുരന്തബാധിതരായ വാണിജ്യ കെട്ടിട ഉടമകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേപ്പാടി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബില്‍ഡിംഗിന് സമാനമായ നഷ്ടപരിഹാരം നല്‍കുക, മുഴുവന്‍ ലോണും എഴുതിത്തള്ളുക, ഉപജീവനത്തിന് കല്‍പ്പറ്റ ബൈപ്പാസില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, മൈക്രോ പ്ലാനില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെട്ടിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വാടക കെണ്ടായിരുന്നു ഇവര്‍ കുടുംബം പുലര്‍ത്തിയത്. കെട്ടിട ഉടമകളില്‍ പലര്‍ക്കും ഗോള്‍ഡ് ലോണ്‍, ആധാരം വെച്ചുള്ള ലോണുകളുണ്ട്. പ്രദേശത്തെ 52 കെട്ടിടങ്ങളാണ് ദുരന്തത്തില്‍പെട്ടത്. ഇതുവരെയും യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് യു എ മനാഫ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി നിരണ്‍ അധ്യക്ഷനായി. മേപ്പാടി യൂണിറ്റ് സെക്രട്ടറി ആസിഫ് അലി, പ്രസിഡന്റ്‌ഹൈദര്‍ കെ, ട്രഷറര്‍ പി ഒ താഹിര്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്നും എന്നും ഇവര്‍ പറഞ്ഞു.
Comments (0)
No comments yet. Be the first to comment!