ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതര്‍ രംഗത്ത്. അന്തിമ ഗുണഭോക്ത്യ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ക്യാമ്പ് നടക്കുന്ന ആസൂത്രണഭവനിലേക്ക് മാര്‍ച്ച് നടത്തിയ ദുരന്തബാധിതരെ പോലീസ് തടഞ്ഞു.
ദുരന്തം ബാധിച്ച മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കാണ് ജില്ലാഭരണകൂടം മൂന്നു ദിവസത്തെ ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിലൂടെ വിവരങ്ങള്‍ ശേഖരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സമ്പൂര്‍ണ ലിസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിവരങ്ങള്‍ നല്‍കേണ്ട എന്ന നിലപാടെടുത്ത ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനകീയ ആക്ഷന്‍ കമ്മിറ്റി ക്യാമ്പ് ഇന്നലെ തന്നെ ക്യാമ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതര്‍ കലക്ടറേറ്റിലേക്കെത്തിയത്. തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി സ്‌പെഷ്യല്‍ ഓഫീസറുമായി ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം നല്‍കാന്‍ അധികൃതര്‍ക്കായില്ല. ഇതോടെ ക്യാമ്പ് നടക്കുന്ന ആസൂത്രണഭവനിലേക്ക് മാര്‍ച്ച് നടത്തിയ ദുരന്തബാധിതരെ പോലീസ് തടഞ്ഞു.
സര്‍ക്കാരിന്റെ ലിസ്റ്റില്‍ പെടാത്ത കുടുംബങ്ങള്‍ക്ക് വീടോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കണമെങ്കില്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും,
ദുരന്തത്തിനിരയായ മുഴുവന്‍ ആളുകള്‍ക്കും പുനരധിവാസം ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. ക്യാമ്പിന്റെ അവസാന ദിവസമായ നാളെയും ക്യാമ്പ് ബഹിഷ്‌കരിക്കുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.