നൂല്‍പ്പുഴ:  ദേശീയതലത്തില്‍ പുരസ്‌കാരം ലഭിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരില്‍കണ്ടു വിലയിരുത്തി. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്‌സ് & ബ്ലോക്ക്‌സ് പദ്ധതിയുടെ ഭാഗമായാണ് നീതി ആയോഗ് സംഘം വെള്ളിയാഴ്ച ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. 
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയ സുമന്‍ കെ ബറി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റ്, ഡേ കെയര്‍, വിളര്‍ച്ചാ നിയന്ത്രണ പദ്ധതിയായ 'അമ്മ താരാട്ട്', ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്കുള്ള 'പ്രതീക്ഷ' പദ്ധതികള്‍, റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നര്‍ സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ വിലയിരുത്തി. പഠന പ്രശ്നങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ വിര്‍ച്വല്‍ റിയാലിറ്റി തെറാപ്പി സംവിധാനം പരിശോധിച്ചു. രോഗീ പരിചരണത്തിലെ അനന്യ സമീപനങ്ങള്‍,  അംഗീകാരങ്ങള്‍ എന്നിവ സംഘം മനസിലാക്കി. ആശുപത്രിയുടെ സന്ദര്‍ശക രജിസ്റ്ററില്‍ 'ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അതീവ സന്തുഷ്ടി രേഖപ്പെടുത്തുന്നു. ഇവിടം സന്ദര്‍ശിക്കുന്നതില്‍ നിന്നും മഴ എന്നെ തടയാഞ്ഞതില്‍ ഞാന്‍ ആഹ്ലാദവാനാണ്.എന്ന് കുറിയ്ക്കാനും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ മറന്നില്ല. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി ബിനീഷ്, കുടുംബാരോഗ്യ കേന്ദ്രം അസി. സര്‍ജന്‍ ഡോ. വി പി ദാഹര്‍ മുഹമ്മദ്, ഡോ. ജെറിന്‍ എന്നിവര്‍ ആശുപത്രി കാര്യങ്ങള്‍ വിശദീകരിച്ചു.