
കല്‍പ്പറ്റ: രണ്ട് ദിവസമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ അദാലത്തില്‍ ജില്ലയില്‍ നിലവിലുള്ള എല്ലാ അപേക്ഷകളും തീര്‍പ്പാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ആകെ 40 പരാതികളാണ് തീര്‍പ്പാക്കിയത്. ഇതില്‍ ഒന്ന് മാത്രം മറ്റ് അഭിപ്രായം തേടേണ്ടതിനാല്‍ മാറ്റിവെച്ചു. ജില്ലയില്‍ നിലവില്‍ കെട്ടികിടക്കുന്ന അപേക്ഷകള്‍ ഇല്ല. വിവരാവകാശ അപേക്ഷകര്‍ക്ക് മറുപടിയായി നല്‍കുന്ന വിവരങ്ങള്‍ സമയബന്ധിതമായും പൂര്‍ണമായും ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ അറിയിച്ചു. അതേസമയം, ചുരുക്കം അപേക്ഷകര്‍ ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ സമയനഷ്ടത്തിന് ഇടയാക്കും. സര്‍ക്കാര്‍ ഭരണ നിര്‍വഹണത്തില്‍ സുതാര്യതയും കാര്യക്ഷമതയും പൗരന്റെ അവകാശസംരക്ഷണവും ഉറപ്പാക്കാനാണ് വിവരാവകാശ നിയമമെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍ പറഞ്ഞു.
Comments (0)
No comments yet. Be the first to comment!