വെളിച്ചെണ്ണവിലയില്‍ ഏറ്റക്കുറച്ചിൽ എക്കാലത്തുമുണ്ട്. എന്നാൽ, ഇപ്പോൾ കാണുന്ന കുതിച്ചുചാട്ടം ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം (2024) ലാണ് വില വർധിക്കുന്ന പ്രവണത കണ്ടുതുടങ്ങിയത്. 2024 അവസാനത്തോടെ വിലയിൽ വലിയ മാറ്റവുമുണ്ടായ്.കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്കു രാജ്യാന്തര വിപണിയില്‍ ശരാശരി വില 1.39ഡോളർ (116 രൂപ) ആയിരുന്നു. ഇത് 2025 ജൂണിൽ 2.766 ഡോളർ (235 രൂപ) ആയി ഉയർന്നു. അതായത് 100 ശതമാനത്തിൽ കൂടുതൽ വർധന. രാജ്യാന്തരവിപണിയിലെ ഈ വർധന ആഭ്യന്തരവിപണിയിലും കണ്ടു. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ വര്‍ഷം ജൂൺ മാസത്തിൽ ശരാശരി വില 160 രൂപ ആയിരുന്നത് ഈ ജൂൺ മാസത്തിൽ 360 രൂപയായി ഉയർന്നു. 120% വർധനവാണ് രേ​ഖപ്പെടുത്തിയത്. വിലയിലെ ക്രമാതീതമായ ഈ വർധന തുടരുന്നു. പായ്ക്ക് ചെയ്ത വെളിച്ചെണ്ണയുടെ ചില്ലറ വില കിലോയ്ക്ക് 400 രൂപയ്ക്കു മുകളിലാണ്. ഓണക്കാലമാവുമ്പോഴേക്കും 500 രൂപ വരെയാകാനിടയുണ്ട്. സാധാരണക്കാരൻ്റെ കീശയ്ക്കു താങ്ങാനാവാത്ത ഭക്ഷ്യഎണ്ണയായി മാറുന്നു വെളിച്ചെണ്ണ. ഈ കുതിച്ചുചാട്ടം തേങ്ങാവിലയിലും കാണാം.

കൊപ്രലഭ്യതക്കുറവ്  ഉൽപാദനത്തിലെ കുറവ് വെളിച്ചെണ്ണവില ഉയരാൻ പ്രധാന കാരണങ്ങളാണ്   തെങ്ങുകൃഷിയുള്ള ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ കാലാവസ്ഥാവ്യതിയാനം മൂലം കഴിഞ്ഞ വേനൽക്കാലത്തുണ്ടായ കടുത്ത ചൂടും മഴക്കുറവും തെങ്ങുകളുടെ പ്രായാധിക്യവും തേങ്ങയുടെയും കൊപ്രയുടെയും ലഭ്യതക്കുറവിനു കാരണമായി. ഉപഭോഗത്തില്‍വന്ന മാറ്റം: ആവശ്യകതയിൽ വന്ന ക്രമാതീത വർധനയും വില ഉയരാനും കാരണമായി.