കല്‍പറ്റ: വയനാട് ജില്ലയിലേക്കുളള ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കാനുളള കാല താമസം അടിയന്തരമായി പരിഹരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. മൂന്ന് ദിവസങ്ങളായി വയനാട് ഒറ്റപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കുനതിനായിരിക്കണം മുന്‍ഗണന. അമിത പരിസ്ഥിതി വാദം ഉന്നയിച്ച് ജില്ലയുടെ വികസന സാധ്യതകള്‍ കൊട്ടിഅടക്കരുത്. നാടിന്റെ പുരോഗതിക്കൊപ്പം വയനാടിനും സ്ഥാനം ലഭിക്കണമെങ്കില്‍ ബദല്‍ പാതകള്‍ ഉണ്ടാകണം. കളളാടി തുരങ്ക പാതയുടെ നിര്‍മാണവുമായി  മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. 1994ല്‍ ഭരണാനുമതി ലഭിച്ച പൂഴിത്തോട് ബദല്‍ പാതയുടെ ഇന്‍വെസ്റ്റിഗേഷന് വേണ്ടി സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെണ്ടര്‍ എടുത്ത ഏജന്‍സിയും വനം പൊതുമരാമത്ത് വകുപ്പുകളും സ്വീകരിക്കുന്ന മെല്ലേ പോക്ക് നയത്താല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നത് നിരാശാജനകമാണ്. തളിപ്പുഴ ചിപ്പിലിത്തോട്, കൊട്ടിയുര്‍ 44, ബദല്‍ പാതയുടെ സാധ്യതകളും ഗൗരവമായി പരിഗണിക്കണം. ജില്ലയുടെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന കേന്ദ്ര വന നിയമങ്ങളില്‍ മാറ്റം വേണമെന്നും  ഇ.ജെ ബാബു ആവശ്യപ്പെട്ടു.