
കല്‍പ്പറ്റ : വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു. ചുരത്തിന്റെ ഒമ്പതാം വളവില്‍ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകള്‍ ആണ് മണ്ണിടിച്ചലിന് കാരണമെന്ന് യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചു.
ബ്ലോക്കുകളായാണ് പാറകള്‍ വിണ്ടിരിക്കുന്നത്. ഇതില്‍ നിന്നും ഉത്ഭവിച്ച വെള്ളച്ചാല്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രണ്ട് മണിക്കൂറെങ്കിലും മഴ ഒഴിയാതെ വാഹനങ്ങള്‍ ചുരത്തിലേക്ക് കയറ്റി വിടാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.വയനാട്, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ ഇടയ്ക്കിടെ ആശയ വിനിമയം നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സ്, ജിയോളജി, മണ്ണ് സംരക്ഷണം, പൊലീസ് എന്നീ വിഭാഗങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ രേഖയുടെ നേതൃത്വത്തില്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ ഒഴിഞ്ഞു നിന്നാല്‍ ഏത് സമയത്തും ചെറിയ വാഹനങ്ങള്‍ കടത്തി വിടാനായി, റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്തു കഴിഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ചെയിന്‍ ഹിറ്റാച്ചിയും ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടറോട് സ്ഥലം സന്ദര്‍ശിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.നിലവില്‍ തുടര്‍ച്ചയായ മഴ ശക്തമാണെങ്കിലും നാളെ മുതല്‍ നാല് മണിക്കൂര്‍ ഇടവേളയായി മഴയുടെ തോത് കുറയുമെന്നാന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് ചുരത്തിലെ പാറകളില്‍ ഉണ്ടായ വിള്ളല്‍ റോഡിനടിയിലേക്കും ആഴത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ സഹായകമാകും എന്നും മന്ത്രി പറഞ്ഞു. അതുവരെ ഭാരവാഹനം കടത്തിവിടാന്‍ കഴിയാത്ത സ്ഥിതിയാണ്. കുറ്റ്യാടി ചുരം വഴി ചെറിയ വാഹനങ്ങള്‍ കടത്തിവിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കുറ്റ്യാടി ചുരത്തിലും ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കുറ്റ്യാടി റോഡില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ യുദ്ധകാലടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.യോഗത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ കൗശിക്, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!