കൽപ്പറ്റ:വാഹന അപകടത്തിൽ പരിക്കേറ്റ ആളിൽ നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാൻ എംഎൽഎ ഓഫീസ് സഹായിച്ചെന്ന വാദം പച്ചക്കള്ളം. ഈ കേസുമായി എംഎൽഎ ഓഫീസിന് യാതൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ ഭയമില്ലെന്ന് മാത്രമല്ല സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
എംഎൽഎ എന്ന രീതിയിൽ എംഎൽഎക്ക് ഒരു ഗൺമാനാണുള്ളത് അത് പി പി ഷരീഫാണ്. പ്രസ്തുത കേസിൽ പരാമർശിക്കപ്പെട്ട വ്യക്തി എംഎൽഎയുടെ ഗൺമാനായി പ്രവർത്തിച്ചത് 2022 ൽ കേവലം അഞ്ചുമാസം മാത്രമാണ്. ആരോപണ വിധേയമായ വാഹനാപകട കേസ് ഉയർന്നുവന്ന സമയത്ത് എംഎൽഎയുമായോ, എംഎൽഎ ഓഫീസുമായോ ഇയാൾക്ക് യാതൊരു ബന്ധവുമില്ല. ആ കാലയളവിൽ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിൽ ജീവനക്കാരനാണ് അദ്ദേഹം.
നാട്ടിൽ നടക്കുന്ന ഉള്ളതും, ഇല്ലാത്തതുമായ വിഷയങ്ങളുമായി എംഎൽഎ ഓഫീസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നാണ് ശക്തമായ അഭിപ്രായം.
ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, കേരളം ലഹരിയുടെ താവളമായി മാറുമ്പോൾ നിസംഗതയോടെ നിന്ന സർക്കാരിനെതിരെയും, ലഹരി മാഫിയക്കെതിരെയും നിയമസഭക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ച് എംഎൽഎ എന്ന രീതിയിൽ മുന്നോട്ടു പോകുന്നത് പൊതുസമൂഹത്തിന് കൃത്യമായിട്ട് അറിയാം.
പരാമർശിക്കപ്പെട്ട വിഷയത്തിൽ എംഎൽഎ ഓഫീസിൽനിന്ന് ഏതെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെയോ, അന്വേഷണ ഉദ്യോഗസ്ഥരയോ ബന്ധപ്പെട്ടിട്ടില്ല. മനപ്പൂർവം എംഎൽഎ ഓഫീസിനെ കളങ്കപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും എംഎൽഎ പറഞ്ഞു.