മുണ്ടക്കൈ -ചൂരല്‍മല
ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്
ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ക്യാമ്പ് നടത്തുന്നത്. ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ വിഭാഗം, ഐ.ടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കളക്ട്രേറ്റിലെ ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ജൂലൈ 11 മുതല്‍ 13 വരെയാണ് ക്യാമ്പ്. രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. ഒരു കുടുംബത്തിന് ഒരു കാര്‍ഡാണ് നല്‍കുക. അര്‍ഹരായ കുടുംബാംഗങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിവരങ്ങള്‍ കാര്‍ഡില്‍ രേഖപ്പെടുത്തും. നിലവില്‍ റേഷന്‍ കാര്‍ഡ്, ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയ്ക്കായി നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ റേഷന്‍-ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഭിന്ന ശേഷിക്കാരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവര്‍ കുടുംബവുമായി ബന്ധം തെളിയിക്കുന്ന മാരേജ് സര്‍ട്ടിഫിക്കറ്റ്, നവജാത ശിശുക്കളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, മാരക അസുഖങ്ങള്‍ ഉള്ളവരാണെങ്കില്‍ ബന്ധപ്പെട്ട രേഖകളുടെ അസലോ, പകര്‍പ്പോ എന്നിവ കൊണ്ടുവരണം. കുടുംബത്തിലെ മുഴുവനാളുകളും ക്യാമ്പില്‍ വരണമെന്നില്ല. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും നേരിട്ട് ക്യാമ്പിലെത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ക്യാമ്പില്‍ വരുന്ന മറ്റു കുടുംബാംഗങ്ങള്‍ അവരുടെ വിവരങ്ങളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. ക്യാമ്പില്‍ പങ്കെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് സമയക്രമം നല്‍കും. സമയക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബോര്‍ഡിലും www.wayanad.gov.in ലും ലഭ്യമാണ്. ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച സമയത്ത് ക്യാമ്പിലെത്തി ഡാറ്റാ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കണം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കുടുംബാംഗങ്ങളുടെ കൃത്യമായി വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം. ഫോം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലും അക്ഷയ കേന്ദ്രങ്ങളിലും www.wayanad.gov.in ലും ലഭിക്കും. ഫോം പൂരിപ്പിച്ച് ക്യാമ്പില്‍ പങ്കെടുക്കണം. സര്‍ക്കാര്‍ അംഗീകാരത്തിനായി അപ്പീല്‍ അപേക്ഷ നല്‍കിയവരുടെ പട്ടിക വരുന്ന മുറയ്ക്ക് രണ്ടാംഘട്ടമായി കാര്‍ഡ് വിതരണത്തിന് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഫോണ്‍- 04936 202251.
വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. താത്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ ജൂലൈ 31 നകം കല്‍പ്പറ്റ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോം www.keralaforest.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202623, 9544633010, 6282732359.
പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബല്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ആയുര്‍സൗഖ്യം പകര്‍ച്ചവ്യാധി പ്രതിരോധ മഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ജീവിതശൈലി രോഗങ്ങളില്‍ പരിശോധനയും സൗജന്യ പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നുകളും നല്‍കി. എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് അംഗം ചന്ദ്രന്‍ മഠത്തുവയല്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ അജ്ഞുഷ, ആശുപത്രി വികസന സമിതി അംഗങ്ങളായ എ.കെ മുബഷിര്‍, കവിത ചന്ദ്രന്‍, നാരായണ മാരാര്‍, പി സുബ്രഹ്‌മണ്യന്‍, വിശ്വന്ത് മഠത്തുവയല്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ രാവിലെ ഒന്‍പതിന് സിറ്റിങ് നടക്കും. സിറ്റിങ്ങില്‍ പങ്കെടുക്കാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണം.