ആര്‍ദ്രം പദ്ധതിയില്‍ ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ പുനര്‍നിര്‍മിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍. നാല് പ്രധാന ആശുപത്രികള്‍, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് നവീകരണം പൂര്‍ത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 പ്രധാന ആശുപത്രികള്‍ എന്നിങ്ങനെ 33 ആരോഗ്യ സ്ഥാപനങ്ങളാണ് പദ്ധതി പ്രകാരം നവീകരിക്കേണ്ടത്. ഇതില്‍ പ്രധാന ആശുപത്രികളില്‍ (കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികള്‍) 100 ശതമാനം നവീകരണ പ്രവൃത്തി പൂര്‍ത്തിയായപ്പോള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 92 ശതമാനവും ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 50 ശതമാനവുമാണ് നവീകരണം പൂര്‍ത്തിയാക്കിയത്. സെപ്റ്റംബറോടെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം 75 ശതമാനം
പൂര്‍ത്തിയാക്കലാണ് ലക്ഷ്യം. ആര്‍ദ്രം പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന, ഹബ് ആന്‍ഡ് സ്‌പോക്ക് ശൃംഖല സജ്ജമാക്കുന്ന നിര്‍ണയ ലാബ് നെറ്റ്വര്‍ക്ക് വയനാട് ജില്ലയില്‍ 100 ശതമാനം പൂര്‍ത്തിയായി. ആകെ 35 സ്ഥാപനങ്ങളെയാണ് നിര്‍ണയ ലാബ് നെറ്റ്വര്‍ക്ക് പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തത്. ആര്‍ദ്രം പദ്ധതിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണവും ജില്ലയില്‍ 100 ശതമാനം പൂര്‍ത്തിയായി.

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സ്ഥിതി ചെയ്യുന്ന നല്ലൂര്‍നാട് അംബേദ്കര്‍ സ്മാരക ട്രൈബല്‍ ആശുപത്രി, മേപ്പാടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍. ആര്‍ദ്രം വാര്‍ഷിക ആരോഗ്യ പരിശോധന ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 100 ശതമാനം സര്‍വേ പൂര്‍ത്തിയായി. 30 ന് മുകളില്‍ പ്രായമുള്ള 4,14,195 പേരിലാണ് പരിശോധന നടത്തിയത്.
ഇതില്‍ 90,062 പേരില്‍ ജീവിതശൈലി രോഗ സാധ്യതയും 27,715 പേരില്‍ പുതുതായി രക്താതിമര്‍ദ്ദവും 2,786 പേരില്‍ പുതുതായി പ്രമേഹവും കണ്ടെത്തി.

രണ്ടാംഘട്ടത്തില്‍ 30ന് മുകളില്‍ പ്രായമുള്ള 93 ശതമാനം പേരില്‍ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 1,52,102 പേരില്‍ ജീവിതശൈലി രോഗ സാധ്യതയും 27,374 പേരില്‍ പുതുതായി രക്താതിമര്‍ദ്ദവും 2,477 പേരില്‍ പുതുതായി പ്രമേഹവും കണ്ടെത്തി. വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ് വയനാട്.

Leave a Reply

Your email address will not be published. Required fields are marked *