പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. രാജ്യത്ത് വില്‍ക്കുന്ന എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ആധാര്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഈ വര്‍ഷം ആദ്യം യുഐഡിഎഐ ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 134 കോടിയിലധികം ആളുകള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഐഡന്റിറ്റിയായ ആധാര്‍ ബാങ്കിങ്, ടെലികോം വെരിഫിക്കേഷന്‍ തുടങ്ങി വിമാനത്താവളങ്ങളിലെ പ്രവേശനം വരെ വേഗത്തിലാക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ നിര്‍ദേശം പരിശോധിച്ചശേഷം സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ഐ.ടി. മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത, ഉപകരണങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ആപ്പിളും സാംസങ്ങും ഈ നീക്കത്തെ പ്രധാനമായും എതിര്‍ത്തത്. ഇതിനുപുറമെ, കയറ്റുമതി ചെയ്യുന്ന ഫോണുകളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയ്ക്കുവേണ്ടി മാത്രം പ്രത്യേക ഫോണുകള്‍ നിര്‍മിക്കുന്നത് തങ്ങളുടെ നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കുമെന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍ വ്യവസായ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് മന്ത്രാലയം ഈ തീരുമാനത്തില്‍ എത്തിയത്.
Comments (0)
No comments yet. Be the first to comment!