വടക്കനാട് വീണ്ടും കാട്ടാനയുടെ താണ്ഡവം. കൃഷിനശിപ്പിച്ച കാട്ടാനയുടെ മുന്നില്‍ നിന്ന് ക്ഷീരകര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിളകള്‍ നശിപ്പിച്ച് ഭീഷണിസൃഷ്ടിച്ചത് മുട്ടികൊമ്പനെന്ന് കര്‍ഷകര്‍.
ഇന്ന് പുലര്‍ച്ചെയാണ് വടക്കനാട് മംഗലംകുന്നില്‍ കാട്ടാന കൃഷിനശിപ്പിച്ചത്. വെള്ളക്കെട്ട് സുധാകരന്‍, മേലെമംഗലം രമേശ്കുമാര്‍ എന്നിവരുടെ കൃഷികളാണ് കൊമ്പന്‍ നശിപ്പിച്ചത്. കവുങ്ങുകള്‍ കാപ്പി എന്നിവ കൊമ്പന്‍ നശിപ്പിച്ചു. രമേശ്കുമാര്‍ പുലര്‍ച്ചെ പശുവിനെ കറക്കാനായി ആലയിലേക്കെത്തിയപ്പോള്‍ കൊമ്പന്‍ തൊട്ടടുത്ത് ഉണ്ടായിരുന്നെങ്കിലും ശ്രദ്ധയില്‍പെട്ടില്ല. സമീപത്തെ മാവ് കുലുക്കിയശബ്ദം കേട്ട് നോക്കിയപ്പോഴാണ് ആനയെ കണ്ടത്. പെട്ടെന്ന് വീട്ടിലേക്ക് ഓടികയറിരക്ഷപെട്ടുവെന്നും വീടിന് സമീപത്തെത്തിയത് മുട്ടികൊമ്പാനാണെന്നുമാണ് രമേശ് പറയുന്നത്.
പുലര്‍ച്ചെ അഞ്ചരയോടെ വീടിനുസമീപത്തുകൂടിയാണ് ആന വയലിലെത്തി തീറ്റപ്പുല്ലും നശിപ്പിച്ച് വനത്തില്‍ തിരികെ പ്രവേശിച്ചത്. സംഭവമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ എട്ട് ദിവസമായി മുട്ടികൊമ്പനെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
Comments (0)
No comments yet. Be the first to comment!