വടക്കനാട് മേഖലയിലെ വന്യമൃഗശല്യത്തില്‍ രാഷ്ട്രീയമുന്നണികള്‍ക്ക് മുന്നറിയിപ്പുമായി ഫ്ളക്സ് ബാനറുകള്‍ ഉയര്‍ന്നു. മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതിലും കൊലയാളി ആനയെ പിടികൂടാത്ത സാഹചര്യത്തിലുമാണ് പോളിങ് ബൂത്തിലേക്ക് ഇല്ലെന്ന് രേഖപെടുത്തിയ ബാനറുകള്‍ ഉയര്‍ന്നരിക്കുന്നത്. മേഖലയിലെ ഒരുകൂട്ടം യുവാക്കളാണ് ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളായ പണയമ്പം, കരിപ്പൂര്, വള്ളുവാടി മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതിലും അടുത്തിടെ യുവകര്‍ഷകനെ കൊലപ്പെടുത്തിയ മുട്ടികൊമ്പനെ പിടികൂടാത്ത സാഹചര്യത്തിലുമാണ് രാഷ്ട്രീയ മുന്നണികള്‍ക്ക് മുന്നറിയിപ്പുമായി ബാനറുകള്‍ ഗ്രാമങ്ങളില്‍ ഉയര്‍ന്നിരി്ക്കുന്നത്. മാറാമാറി വരുന്ന രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും നാടിന് ഭീഷണിയായി മാറിയിരിക്കുന്ന കൊലയാളി ആനയെ പിടികൂടാതെ വനംവകുപ്പും അതിനുകുടപിടിക്കുകയാണ് രാഷ്ട്രീയകാരെന്നും ബാനറില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പോളിങ് ബൂത്തിലേക്കില്ലെന്നും ബാനറില്‍ രേഖപെടുത്തിയിട്ടുണ്ട്.

വടക്കനാട്, കുളത്തൂര്‍കുന്ന്, വടക്കനാട് കവല തുടങ്ങിയ സ്ഥലങ്ങളിലാണ് ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കാന്‍ വരുംദിവസങ്ങളില്‍ വീടുകള്‍ കയറി കാര്യങ്ങള്‍ വിശദീകരിക്കാനുമാണ് യുവാക്കളുടെ നീക്കം.