വാകേരി കൂടല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികക്ക് ഗുരുതര പരിക്ക്. കൂടല്ലൂര്‍ കൈതവേലില്‍ തങ്കമ്മ (85)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 6:30തോടെയാണ് സംഭവം. മൂടക്കൊല്ലി കൂടല്ലൂര്‍ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒന്നരകൊമ്പന്‍ എന്ന വിളി പേരുള്ള കാട്ടാനയാണ് തങ്കമ്മയെ ആക്രമിച്ചത്. വീടിന് പുറത്തുള്ള ശുചിമുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ തങ്കമ്മ വീടിന് മുറ്റത്ത് എത്തിയ കാട്ടാനയുടെ മുമ്പില്‍ പെടുകയായിരുന്നു.
വീട്ടുകാര്‍ ബഹളം വെച്ചതോടെയാണ് ആന കാട്ടിലേക്ക് തിരികെ പോയത്. ഉപയോഗ ശൂന്യമായ ചാണക കുഴിയില്‍ വീണതിനെ തുടര്‍ന്നാണ് വയോധിക രക്ഷപെട്ടത്. ഇരുകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ തങ്കമയെ നാട്ടുകാര്‍ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തങ്കമ്മയുടെ മുഴുവന്‍ ചികിത്സയും വനം വകുപ്പ് അധികൃതര്‍ ഏറ്റെടുക്കണമെന്നും കൊമ്പനെ മയക്ക് വെടിവെച്ച് പിടി കൂടണമെന്നും പഞ്ചായത്തംഗം ശ്രീനേഷ് മൂടക്കൊല്ലി ആവശ്യപ്പെട്ടു. കൂടല്ലുര്‍ ഉന്നതിയിലേക്ക് തിരിയുന്ന പ്രധാനറോഡില്‍ സ്ഥാപിച്ചസോളാര്‍ ലൈറ്റ് അടക്കം കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു .
Comments (0)
No comments yet. Be the first to comment!