വടക്കനാട് ഭീതി പരത്തുന്ന മുട്ടി കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നാലാം ദിന ദൗത്യം നടന്നില്ല. കഴിഞ്ഞ ദിവസം ദൗത്യത്തിനിടെ  വനത്തിലേക്ക് കടന്ന ടി ടി വണ്‍ എന്ന കൊമ്പനെ വീണ്ടും ലൊക്കേറ്റ് ചെയ്യാനാകാത്തതാണ്  ഇന്ന് ദൗത്യം പുനരാരംഭിക്കാന്‍ തടസമായത്.

മുട്ടിക്കൊമ്പനെന്ന താത്തൂര്‍ ടസ്‌കര്‍ വണ്ണിനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നടന്നില്ല. ദൗത്യം തുടങ്ങി നാലാം ദിനമാണ് ഇന്ന്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വള്ളുവാടി മേഖലയില്‍ ദൗത്യം ദൗത്യം സംഘം ലൊക്കേറ്റ് ചെയ്ത കൊമ്പന്‍ മയക്ക് വെടി വെക്കാനുള്ള ശ്രമത്തിനിടെ  വനത്തില്‍ പ്രവേശിച്ചിരുന്നു. പിന്നീട് കൊമ്പനെ കണ്ടെത്താന്‍ കഴിയാത്തതാണ് നാലാംദിന ദൗത്യം ഉപേക്ഷിക്കാന്‍ കാരണമായത്. മുട്ടി കൊമ്പനെ കണ്ടെത്തുന്നതിനായി   ദൗത്യസംഘത്തിന്റെ  നിരീക്ഷണം മേഖലയില്‍ ശക്തമായി തുടരുകയാണ്. ഈ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് കൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചത്.

ആദ്യ ദിനം ഒരുതവണ മയക്കു വെടി ഉതിര്‍ത്തെങ്കിലും പൂര്‍ണമായ രീതിയില്‍ ലക്ഷ്യം കണ്ടെത്താനായില്ല. പിന്നീട് കൊമ്പന്‍ കാട്ടാനക്കൂട്ടത്തിന്റെ കൂടെ ഉള്‍വനത്തിലേക്ക് വലിഞ്ഞതോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. പിന്നിട് ഇന്നലെ വള്ളുവാടിയില്‍  ഇറങ്ങിയ കൊമ്പന്‍ കൃഷികളടക്കം നശിപ്പിച്ചാണ്  തിരികെ വനത്തില്‍ പ്രവേശിച്ചത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ , ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ  എന്നിവരുടെ നേതൃത്വത്തില്‍ 80 അംഗ സംഘമാണ് ദൗത്യവുമായി രംഗത്തുള്ളത്.  മുത്തങ്ങ ആന പന്തിയിലെ സൂര്യന്‍, ഉണ്ണികൃഷ്ണന്‍, വിക്രം, പ്രമുഖ എന്നീ കുങ്കിയാനകളും ദൗത്യസംഘത്തോടൊപ്പം ഉണ്ട്.