മുട്ടികൊമ്പനെ പിടികൂടാനുള്ള മൂന്നാംദിന ദൗത്യവും പരാജയപ്പെട്ടു. ഇന്ന് പുലര്‍ച്ചെ വള്ളുവാടി കണ്ണാറമ്പന്‍കവലയിലിറങ്ങിയ കൊമ്പനെ മയക്കുവെടിക്കാന്‍ ദൗത്യംസംഘത്തിന് സാധിച്ചില്ല. കൊമ്പന്‍ വനപാലകര്‍ക്കുനേരെ പാഞ്ഞടുത്തത് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നും നാളെ ദൗത്യം തുടരുമെന്നും വനംവകുപ്പ്.

വടക്കനാട് മേഖലയെ ഭീതിയിലാഴ്ത്തുന്ന മുട്ടികൊമ്പനെന്ന ടിടിവണ്ണിനെ പിടികൂടാനുള്ള മൂന്നാംദിനത്തിലെ വനംവകുപ്പിന്റെ ശ്രമവും പരാജയപ്പെട്ടു. ഇന്ന് പുലര്‍ച്ചെ വള്ളുവാടി കണ്ണാറമ്പന്‍കവലയില്‍ ആനയെ വനംവകുപ്പ് വളഞ്ഞുവെങ്കിലും മയക്കുവെടിവെക്കാന്‍ സാധിച്ചില്ല. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയുടെ നേതൃത്വത്തില്‍ വിദഗ്ദസംഘം ആനയെ പിന്തുടര്‍ന്നുവെങ്കിലും സംഘത്തിനുനേരെ പാഞ്ഞടുത്തത് കാരണം മയക്കുവെടിവെക്കാനായില്ലെന്നും ആനവേഗത്തില്‍ വനത്തിലേക്ക് നീങ്ങിയെന്നുമാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അരുണ്‍ഡാലിയ പറയുന്നത്.

മുട്ടികൊമ്പനെ പിടികൂടാനുള്ള ദൗത്യം നാളെയും തുടരും. എണ്‍പതംഗ വനപാലക സംഘമാണ് ദൗത്യത്തിലുള്ളത്. കൂടാതെ മുത്തങ്ങ ആനപന്തിയിലെ നാല് കുങ്കിയാനകളും സംഘത്തോടൊപ്പമുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.