വള്ളുവാടി കല്ലൂര്‍കുന്നില്‍ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. കാടിറങ്ങിയെത്തിയ കൊമ്പന്‍ തെങ്ങുകളും വാഴകളും കാപ്പി, കവുങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്ത് ഭീതിപരത്തുന്ന മുട്ടികൊമ്പനാണ് കൃഷിനാശം വരുത്തിയത്. നിരന്തരം കൃഷിയിടത്തിലിറങ്ങുന്ന കൊമ്പനെ പ്രദേശത്ത് നിന്ന് തുരത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമാകുമെന്നും കര്‍ഷകര്‍.
പ്രദേശവാസികളായ മരിങ്ങാറ്റുംകര മറിയകുട്ടി, കല്ലൂര്‍ ഗംഗാധരന്‍, ചീപുറത്ത് വേലായുധന്‍, സിബി എന്നിവരുടെ കൃഷികളാണ് ഇന്ന് പുലര്‍ച്ചെ കാട്ടുകൊമ്പന്‍ നശിപ്പിച്ചത്. കായഫലമുള്ള തെങ്ങുകളും, കുലചാടി മൂപ്പെത്താറായ നേന്ത്രവാഴകളും, കവുങ്ങ്, കാപ്പി തുടങ്ങിവിളകളാണ് കാട്ടുകൊമ്പന്‍ നശിപ്പിച്ചത്. കൃഷിയിടത്തിനും ചുറ്റും സ്ഥാപിച്ച് ഫെന്‍സിങ്ങിലേക്ക് മരവും തെങ്ങുമറിച്ചിട്ടാണ് കൊമ്പന്‍ കൃഷിയിടങ്ങളിലിറങ്ങിയത്. ഒറ്റരാത്രികൊണ്ട് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി മുട്ടികൊമ്പന്റെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. ആനയെ ഇവിടെ നിന്ന് തുരത്തണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രതിഷേധം ഉയരുമെന്നുമാണ് കര്‍ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സന്ധ്യമയങ്ങിയാല്‍ കാടിറങ്ങിയെത്തുന്ന കാട്ടാന നേരംപുലരുംവരെയാണ് കൃഷിയിടങ്ങളില്‍ തമ്പടിക്കുന്നത്. ഇത്കാരണം ക്ഷീരമേഖലയെ ആശ്രിയച്ചുജീവിക്കുന്നവരും വലിയപ്രതിസന്ധിയാണ് നേരിടുന്നത്.
Comments (0)
No comments yet. Be the first to comment!