സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ സംഘിടപ്പിച്ച ജില്ല പട്ടയമേള വിതരണ ചടങ്ങ്  യു.ഡി.എഫ് ജനപ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രസംഗമായി മാറിയെന്നാരോപിച്ചാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നഗരസഭ ചെയര്‍പേഴ്സണുമടക്കമുളള യു.ഡി.എഫ് ജനപ്രതിനിധികള്‍ വേദിവിട്ടത്.

ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. പ്രസംഗത്തില്‍ എല്‍.ഡി.എഫ് ഭരണകാലത്തെ നേട്ടങ്ങള്‍ ഊന്നിപറയുകയും ചെയ്തപ്പോള്‍ യു.ഡി.എഫ് ഭരണകാലം കേരളത്തെ പിന്നോട്ടടിച്ചെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കൂടാതെ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസികളെ യു.ഡി.എഫ് സര്‍ക്കാര്‍ വെടിവെച്ച് കൊന്നെന്നും അവര്‍ക്കും എല്‍.ഡി.എഫ് സര്‍ക്കാരാണ് പട്ടയം നല്‍കിയതെന്നും പറഞ്ഞു. ഇതോടെയാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ ഒന്നന്നായി വേദിവിട്ടിറങ്ങി പുറത്തേക്ക് പോയത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മേളയെ രാഷ്ട്രീപ്രചരണവേദിയാക്കിയെന്ന് ചടങ്ങില്‍ നിന്ന് ഇറങ്ങിപോയ ജനപ്രതിനിധികള്‍ ആരോപിച്ചു. പിന്നീടാണ് അധ്യക്ഷപ്രസംഗവും പട്ടയവിതരണവും നടന്നത്.